മെക്സിക്കോയിൽ ചരിത്രം കുറിക്കാൻ യുവജനം; ക്രിസ്തുരാജ സ്മാരകത്തിലേക്ക് 45,000 പേരുടെ തീർത്ഥാടനം

മെക്സിക്കോയിൽ ചരിത്രം കുറിക്കാൻ യുവജനം; ക്രിസ്തുരാജ സ്മാരകത്തിലേക്ക് 45,000 പേരുടെ തീർത്ഥാടനം

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ നിർണായക ഏടായ ക്രിസ്റ്റെറോ യുദ്ധത്തിന്റെ നൂറാം വാർഷികാചരണത്തിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ ക്രിസ്തുരാജ സ്മാരകത്തിലേക്ക് 45,000-ലധികം യുവജനങ്ങൾ തീർത്ഥാടനം നടത്തുന്നു. ജനുവരി 31 ന് നടക്കുന്ന ദേശീയ യുവജന മാർച്ച് മെക്സിക്കോയിലെ യുവജനങ്ങളുടെ വിശ്വാസ സാക്ഷ്യമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

​ഗ്വാനാജുവാറ്റോയിലെ സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 'സെറോ ഡെൽ ക്യൂബിലെറ്റ്' എന്ന മലമുകളിലെ ക്രിസ്തുരാജ രൂപത്തിലേക്കാണ് തീർത്ഥാടനം.

'ടെസ്റ്റിമോണിയോ ഇ എസ്പെരാൻസ' എന്ന യുവജന പ്രസ്ഥാനമാണ് ഈ ബൃഹത്തായ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
​രാജ്യത്ത് സമാധാനവും ഐക്യവും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജനങ്ങൾ അണിനിരക്കുന്നത്.

"ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് കൊന്തയും കുരിശും പ്രാർത്ഥനയും ആയുധമാക്കി സമാധാനപരമായി ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് ലക്ഷ്യം" എന്ന് സംഘാടക സമിതി അധ്യക്ഷ ആൻഡ്രിയ പിമെന്റൽ വ്യക്തമാക്കി.
​ജനുവരി 30ന് വെള്ളിയാഴ്ച രാത്രി നടക്കുന്ന 'ക്യൂബിഫെസ്റ്റ്' എന്ന സംഗമത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ജനുവരി 31ന് ശനിയാഴ്ച പുലർച്ചെ ആയിരക്കണക്കിന് യുവാക്കൾ മലമുകളിലെ സ്മാരകത്തിലേക്ക് കാൽനടയായി യാത്ര തിരിക്കും. മെക്സിക്കോയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജോസഫ് സ്പിറ്റേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ തീർത്ഥാടനം സമാപിക്കും.
​ക്രിസ്റ്റെറോ യുദ്ധ കാലത്ത് വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നതിനൊപ്പം, സമകാലിക മെക്സിക്കോ നേരിടുന്ന വെല്ലുവിളികൾക്കെതിരെ യുവജനങ്ങളെ അണിനിരത്തുക എന്നതും ഈ തീർത്ഥാടനത്തിന്റെ ലക്ഷ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.