'ചുരുങ്ങിയത് 13 സീറ്റ് വേണം'; തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ഇടത് മുന്നണിക്ക് മൊത്തത്തിലുണ്ടായ തിരിച്ചടിയെന്ന് ജോസ് ക. മാണി

'ചുരുങ്ങിയത് 13 സീറ്റ് വേണം'; തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ഇടത് മുന്നണിക്ക് മൊത്തത്തിലുണ്ടായ തിരിച്ചടിയെന്ന് ജോസ് ക. മാണി

പാലായി താന്‍ മത്സരിക്കുമെന്ന സൂചനയും വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ. മാണി നല്‍കി. പാലായില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി.

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഇത്തവണ കുറഞ്ഞത് 13 സീറ്റ് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി. ഒന്നോ, രണ്ടോ സീറ്റ് അധികമായും ആവശ്യപ്പെടും. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

പാലക്കാട് സീറ്റ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫ് അവിടെ ജയിക്കുമായിരുന്നു എന്നും അദേഹം പറഞ്ഞു. മുന്നണി മാറ്റം തുറക്കാത്ത ചാപ്റ്ററാണെന്ന് പറഞ്ഞ ജോസ് കെ.മാണി, യുഡിഎഫ് പുറത്താക്കിയപ്പോള്‍ കേരള കോണ്‍ഗ്രസിനെ ചേര്‍ത്തു പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവുമാണെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ 13 സീറ്റാണ് ഉണ്ടായിരുന്നത്. അതില്‍ കുറ്റ്യാടി സീറ്റ് സിപിഎം ആവശ്യപ്പെട്ടതിനാല്‍ വിട്ടുകൊടുത്തു. ഇത്തവണ ചുരുങ്ങിയത് 13 സീറ്റ് വേണമെന്നാണ് ആവശ്യം. അതില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്ന കാര്യവും ചര്‍ച്ചയാവണമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഇക്കാര്യം മുന്നണിയില്‍ ഉന്നയിക്കുന്നതിനും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന കാര്യങ്ങളും പാര്‍ട്ടി ചെയര്‍മാനെ ഉത്തരവാദിത്വപ്പെടുത്തിയിട്ടുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു.

എല്‍ഡിഎഫ് മേഖലാ ജാഥയില്‍ തന്നോടൊപ്പം അഡീഷണല്‍ ആയി ഓരോ പ്രതിനിധികളെ കൂടി കേരള കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുണ്ട്. മലബാറില്‍ കെ.ജെ. ദേവസ്യയും തിരുവനന്തപുരം മേഖലയില്‍ വി.ടി. ജോസഫും പ്രതിനിധികളാകും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പല ജില്ലകളിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. അത് ഇടത് മുന്നണിക്കാകെ ഉണ്ടായ പരാജയമാണത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരള കോണ്‍ഗ്രസിന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. നിരവധി ജനകീയ കാര്യങ്ങള്‍ ചെയ്തു. ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടത് കേരള കോണ്‍ഗ്രസാണ്.

വന്യജീവി പ്രശ്‌നത്തിലും ഭിന്നശേഷി അധ്യാപന നിയമനത്തിലും ഇടപെടാന്‍ കഴിഞ്ഞു. മുനമ്പം വിഷയത്തിലും ആദ്യം ഇടപെട്ടത് കേരള കോണ്‍ഗ്രസ് ആണ്. പ്രതിപക്ഷത്തായാലും ഭരണ പക്ഷത്തായാലും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും ജോസ് കെ. മാണി പറഞ്ഞു.

പാലായി താന്‍ മത്സരിക്കുമെന്ന സൂചനയും വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ. മാണി നല്‍കി. പാലായില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.