രജതജൂബിലി ആവേശം; ന്യൂയോർക്ക് റോക്ക്ലാൻഡ് ഹോളി ഫാമിലി പള്ളിയിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് നടന്നു

രജതജൂബിലി ആവേശം; ന്യൂയോർക്ക് റോക്ക്ലാൻഡ് ഹോളി ഫാമിലി പള്ളിയിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് നടന്നു

ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026-ൽ നടക്കുന്ന രൂപതാ കൺവെൻഷന്റെ 'കിക്കോഫ്' ന്യൂയോർക്കിലെ റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ദേവാലയത്തിൽ നടന്നു. ജനുവരി 11 ന് നടന്ന ചടങ്ങിൽ ഇടവകാംഗങ്ങൾ ആവേശപൂർവ്വം പങ്കുചേർന്നു.

കൺവെൻഷൻ കൺവീനർ ഫാ. തോമസ് കടുകപ്പിള്ളിൽ, ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസ് എന്നിവർക്ക് ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സോണി കണ്ണോട്ടുതറ, അൽഫോൻസാ ഷാജി, ജെയ്മി ജോർജ്ജ്, തോമസ് മാളിയേക്കൽ എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.



വിശ്വാസവും അറിവും സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ വേദിയായി കൺവെൻഷനെ കാണണമെന്ന് ഫാ. തോമസ് കടുകപ്പിള്ളിൽ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. യുവജനങ്ങളെ സഭയോട് ചേർത്തുനിർത്താനും ഈ കൺവെൻഷൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷൻ രജിസ്‌ട്രേഷൻ, സ്പോൺസർഷിപ്പ്, വിവിധ പരിപാടികൾ എന്നിവയെക്കുറിച്ച് ആൻഡ്രൂസ് തോമസ് വിശദീകരിച്ചു.

രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും രൂപതയുടെ രജതജൂബിലിയും ഒന്നുചേരുന്ന ഈ മഹാസമ്മേളനം 2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസിലാണ് നടക്കുന്നത്. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന സെഷനുകൾ, കലാപരിപാടികൾ, മത്സരങ്ങൾ, ആത്മീയ ശുശ്രൂഷകൾ എന്നിവ കൺവെൻഷന്റെ ഭാഗമായിരിക്കും.



കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാനുള്ള 'ഏർലി ബേർഡ്' അവസരം ജനുവരി 31-ന് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ഈ ആത്മീയ സാംസ്കാരിക സംഗമത്തിൽ പങ്കുചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. റോക്ക്ലാൻഡ് പള്ളിയിലെ വൈദികരുടെയും ഇടവകാംഗങ്ങളുടെയും സഹകരണത്തിന് കൺവെൻഷൻ ടീം നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.