ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറി; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറി; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം

മുംബൈ: വിമാന അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ (66) മരിച്ചു. ബരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ വിമാനം തെന്നിമാറി കത്തിയമരുകയായിരുന്നു.

മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് രാവിലെ 8:49 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. അജിത് പവാറും അംഗ രക്ഷകരും പൈലറ്റും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായാണ് സ്ഥിരീകരണം. ബരാമതിയില്‍ ചില പൊതുയോഗങ്ങളില്‍ പങ്കെടുക്കാനാണ് അദേഹം എത്തിയത്. അപകട സ്ഥലത്ത് നിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

2024 ഡിസംബര്‍ അഞ്ച് മുതല്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിര്‍ന്ന എന്‍സിപി നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് പ്രാവശ്യം സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയില്‍ 1959 ജൂലൈ 22 നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷന്‍ സൊസൈറ്റി ഹൈസ്‌കൂളില്‍ നിന്ന് നേടിയ എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടര്‍ പഠനത്തിനായി കോളജില്‍ പോയെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല.

1991 ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1991 ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിന്റെ മന്ത്രിയായി.

2010 ലെ അശോക് ചവാന്‍ മന്ത്രിസഭയില്‍ ആദ്യമായി ഉപ മുഖ്യമന്ത്രിയായി. പിന്നീട് പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭകളില്‍ വീണ്ടും ഉപ മുഖ്യമന്ത്രിയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.