ആഫ്രിക്കയിൽ വരാനിരിക്കുന്നത് കൊടും പട്ടിണി; 5.5 കോടി ജനങ്ങൾ ദുരിതത്തിൽ; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ആഫ്രിക്കയിൽ വരാനിരിക്കുന്നത് കൊടും പട്ടിണി; 5.5 കോടി ജനങ്ങൾ ദുരിതത്തിൽ; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: മധ്യ-പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ലോക ഭക്ഷ്യസുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. ഈ വർഷം ഏകദേശം 5.5 കോടി (55 മില്യൺ) ജനങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ വലയുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.

ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ചാർഡ്, കാമറൂൺ, നൈജർ എന്നിവിടങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഈ പ്രദേശങ്ങളിൽ തുടരുന്ന ആഭ്യന്തരയുദ്ധങ്ങളും സംഘർഷങ്ങളും ജനങ്ങളുടെ ജീവിതം ദുMഹമാക്കി. കൂടാതെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും കടുത്ത വരൾച്ചയും കൃഷിയെ പൂർണ്ണമായും നശിപ്പിച്ചു. ഈ രാജ്യങ്ങളിലെ പകുതിയിലധികം ആളുകൾ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായതിനാൽത്തന്നെ അതിവേഗം പട്ടിണി പടരുകയാണ്.

ഫണ്ട് ലഭിക്കാത്തതുമൂലം നൈജീരിയയിലെ നൂറുകണക്കിന് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു. ഇത് ഏകദേശം മൂന്നു ലക്ഷത്തോളം കുട്ടികളുടെ ജീവൻ അപകടത്തിലാക്കി. പട്ടിണി മാറ്റാൻ സഹായിച്ചിരുന്ന പല വലിയ ഏജൻസികൾക്കും ഇപ്പോൾ ആവശ്യമായ പണം ലഭിക്കുന്നില്ല. സഹായങ്ങൾ കുറഞ്ഞതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കുറച്ച് ആളുകൾക്കു മാത്രമേ ഇപ്പോൾ ഭക്ഷണമെത്തിക്കാൻ സാധിക്കുന്നുള്ളൂ.

നൈജീരിയയിലെ മാത്രം 15,000 പേർ കടുത്ത പട്ടിണിമരണത്തിന്റെ വക്കിലാണ്. കൃത്യസമയത്ത് ഭക്ഷണമെത്തിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് അധികൃതർ പറയുന്നു. ഭക്ഷണത്തിനായി വീടുവിട്ട് പലായനം ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നത് സാമൂഹിക-സാമ്പത്തിക സുരക്ഷയെയും ബാധിക്കുന്നു.

ലോകത്തിന്റെ ഒരു ഭാഗത്ത് ഇത്രയധികം മനുഷ്യർ പട്ടിണി കിടന്നു മരിക്കാൻ പോകുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കരുതെന്നും അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ ആഫ്രിക്ക സാക്ഷ്യം വഹിക്കുക വലിയൊരു മാനുഷിക ദുരന്തത്തിനാകുമെന്നും യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.