തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ നീക്കത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് വിവരിക്കുന്ന ശബ്ദരേഖ പുറത്ത്.
പാര്‍ട്ടി കമ്മിറ്റിയില്‍ സി.വി. വര്‍ഗീസ് നടത്തിയതെന്ന് കരുതുന്ന പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം തടയാനായത് സിപിഎമ്മിന്റെ വലിയൊരു രാഷ്ട്രീയ വിജയമായാണെന്ന് ശബ്ദരേഖയില്‍ സി.വി. വര്‍ഗീസ് പറയുന്നു.
ശരിയായ നിലപാടെടുക്കാന്‍ റോഷി അഗസ്റ്റിന് ആവശ്യമായ പിന്തുണയും പിന്‍ബലവും നല്‍കിയത് സിപിഎം ആണെന്ന് സി.വി. വര്‍ഗീസ് തന്റെ പ്രസംഗത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്.
ജോസ് കെ. മാണി മുന്നണി വിടാന്‍ തയ്യാറെടുക്കുന്നു എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായപ്പോള്‍ റോഷി ഉള്‍പ്പെടെയുള്ളവര്‍ എടുത്ത നിലപാടാണ് പാര്‍ട്ടിയെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രധാന നേതാവായ റോഷി അഗസ്റ്റിന്റെ ഈ ഇടപെടല്‍ അതീവ പ്രാധാന്യത്തോടെയാണ് സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തുന്നതെന്നും വര്‍ഗീസ് പറയുന്നു.
മുന്നണി മാറ്റത്തെക്കുറിച്ച് കേരള കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തില്‍ മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തി ഇത്തരം വാര്‍ത്തകളെ പൂര്‍ണമായും തള്ളിക്കളയുകയാണ് ചെയ്തത്.
ഇതിനിടയിലാണ് സി.വി. വര്‍ഗീസിന്റെ ശബ്ദരേഖ പുറത്തു വരുന്നത്. ശബ്ദരേഖ അദേഹം നിഷേധിച്ചിട്ടില്ല. പാര്‍ട്ടി കമ്മിറ്റിയില്‍ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് വര്‍ഗീസിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.