തിരുപ്പിറവി ഗുഹയിൽ ചരിത്രപരമായ നവീകരണം; മൂന്ന് ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ സംയുക്ത നീക്കം; വിശ്വാസികൾക്ക് ആഹ്ളാദം

തിരുപ്പിറവി ഗുഹയിൽ ചരിത്രപരമായ നവീകരണം; മൂന്ന് ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ സംയുക്ത നീക്കം; വിശ്വാസികൾക്ക് ആഹ്ളാദം

ബത്‌ലഹേം: ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ ബത്‌ലഹേമിലെ തിരുപ്പിറവി ഗുഹ നവീകരണത്തിനൊരുങ്ങുന്നു. യേശുക്രിസ്തു ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെ പ്രിയപ്പെട്ട പുണ്യകേന്ദ്രമാണ് ചരിത്രപരമായ നവീകരണത്തിന് സാക്ഷ്യം വഹിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയത്തിന്റെ ഏറ്റവും വിശുദ്ധമായ ഭാഗമായ 'ഗ്രോട്ടോ'യുടെ തനിമ നിലനിർത്തിക്കൊണ്ടുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. 2013 മുതൽ തിരുപ്പിറവി ദേവാലയത്തിൽ ഘട്ടം ഘട്ടമായി നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.

മേൽക്കൂര, പുറംഭിത്തികൾ, മൊസൈക്കുകൾ, തടി വാതിലുകൾ എന്നിവയുടെ പണികൾ നേരത്തെ പൂർത്തിയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഏറ്റവും ഉള്ളിലെ ഗുഹയുടെ ഭാഗം നവീകരിക്കുന്നത്. ഗുഹയിലെ കൽത്തറകളും പൗരാണികമായ കൽക്കെട്ടുകളും ബലപ്പെടുത്തുന്നതിനാണ് മുൻഗണന.

ഗ്രീക്ക് ഓർത്തഡോക്സ് സഭ, കത്തോലിക്കാ സഭ (ഫ്രാൻസിസ്‌കൻ സന്യാസ സമൂഹം), അർമേനിയൻ സഭ എന്നിവരുടെ കൂട്ടായ നേതൃത്വത്തിലാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച തിരുപ്പിറവി ദേവാലയം 2013 ൽ അപകടാവസ്ഥയിലുള്ള പൈതൃക സ്മാരകങ്ങളുടെ പട്ടികയിലായിരുന്നു. തുടർന്ന് നടന്ന വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്കൊടുവിൽ 2019 ൽ ഈ പട്ടികയിൽ നിന്ന് ദേവാലയത്തെ ഒഴിവാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.