കാരുണ്യ പദ്ധതിക്ക് 900 കോടി; സ്‌കൂള്‍ കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്, റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ

കാരുണ്യ പദ്ധതിക്ക് 900 കോടി; സ്‌കൂള്‍ കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്, റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസം  സൗജന്യ ചികിത്സ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഇതിനായി വര്‍ഷം 15 കോടി രൂപ വകയിരുത്തി.

റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നല്‍കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. ലൈഫ് സേവര്‍ പദ്ധതി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. 15 കോടി പദ്ധതിക്കായി വകയിരുത്തി. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി.

ക്യാന്‍സര്‍-കുഷ്ഠ-എയ്ഡ്സ്-ക്ഷയ ബാധിതരുടെ പെന്‍ഷനില്‍ 1,000 രൂപയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ട്. പുതിയ മെഡിക്കല്‍ കോളജുകള്‍ക്കായി 57 കോടി രൂപ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യ മേഖലയ്ക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 200 കോടിയുടെ വര്‍ധനവാണിത്. വയോധികര്‍ക്കായുള്ള ന്യൂമോണിയ പ്രതിരോധ വാക്സിന് 50 കോടി വകയിരുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ റോബോട്ടിനായി 12 കോടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു.

ക്യാന്‍സര്‍ ചികിത്സയ്ക്കായി ആകെ 203 കോടിയാണ് വകയിരുത്തിയത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 50 കോടിയും
കൊച്ചി ക്യാന്‍സര്‍ സെന്ററിന് 30 കോടിയും ആര്‍സിസിയ്ക്ക് 90 കോടിയും വകയിരുത്തി.

മെഡിക്കല്‍ കോളജിലെ കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി പ്രഖ്യാപിച്ചു. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് മൂന്ന് കോടിയും ഔഷധിയ്ക്ക് 2.3 കോടിയും ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിന് 70.92 കോടിയും വകയിരുത്തി.

മെഡിക്കല്‍ കോളജുകളിലെ മാലിന്യ സംസ്‌കരണത്തിന് 22 കോടി, പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി, സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടി, നാഷണല്‍ ഹെല്‍ത്ത് മിഷന് 465.20 കോടി രൂപയുടെ സംസ്ഥാന വിഹിതം എന്നിവയും പ്രഖ്യാപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.