ഹവാന: ക്യൂബയിലെ ജനങ്ങളുടെ ദുരിതങ്ങൾക്കും സ്വാതന്ത്ര്യമില്ലായ്മയ്ക്കുമെതിരെ ശബ്ദമുയർത്തുന്ന വൈദികരെയും ജനാധിപത്യ പ്രവർത്തകരെയും ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭരണകൂടം. കാമഗുവേ അതിരൂപതയിലെ വൈദികരായ ഫാ. കാസ്റ്റർ അൽവാരെസ് ദേവേസ, ഫാ. ആൽബെർട്ടോ റെയ്‌സ് എന്നിവരെ ഭരണകൂടം അന്യായമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി 'എസിഐ പ്രെന്‍സ' റിപ്പോർട്ട് ചെയ്യുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കാമഗുവേയിൽ അർപ്പിച്ച ചരിത്രപരമായ കുർബാനയുടെ 28-ാം വാർഷിക ദിനത്തിലാണ് വൈദികരെ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തത്. രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും പൗരാവകാശ ലംഘനങ്ങളും പുറം ലോകത്തെ അറിയിച്ചതാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. 2021 ൽ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിനിടെ മർദനമേൽക്കുകയും അറസ്റ്റിലാവുകയും ചെയ്ത വ്യക്തിയാണ് ഫാ. ആൽബെർട്ടോ റെയ്‌സ്.
2023 ൽ ഫ്രാൻസിസ് മാർപാപ്പയും ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയാസ് കാനലും തമ്മിൽ നടന്ന കൂടിക്കാഴ്ചയെത്തുടർന്ന് തടവുകാരെ മോചിപ്പിച്ചിരുന്നെങ്കിലും നിലവിൽ സ്ഥിതിഗതികൾ വീണ്ടും വഷളായിരിക്കുകയാണ്. മാറ്റത്തിന് സാധ്യതയില്ലാത്തവിധം ക്യൂബൻ ജനത കഷ്ടപ്പെടുകയാണെന്ന് ഫാ. ആൽബെർട്ടോ റെയ്‌സ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.