ഷെല്‍ കമ്പനികളുണ്ടാക്കി ബിനാമി ഇടപാട്: ഇറാന്‍ പരമോന്നത നേതാവിന്റെ മകന് വിദേശ രാജ്യങ്ങളില്‍ ശതകോടികളുടെ സമ്പത്ത്

ഷെല്‍ കമ്പനികളുണ്ടാക്കി ബിനാമി ഇടപാട്: ഇറാന്‍ പരമോന്നത നേതാവിന്റെ മകന് വിദേശ രാജ്യങ്ങളില്‍ ശതകോടികളുടെ സമ്പത്ത്

സാധാരണക്കാരായ ജനങ്ങള്‍ പട്ടിണിയിലായിരിക്കെയാണ് പരമോന്നത നേതാവിന്റെ മകന്റെ ശതകോടികളുടെ രഹസ്യ സമ്പാദ്യങ്ങള്‍.

ടെഹ്റാന്‍: രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റം മൂലം പൊറുതി മുട്ടി തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോഴും ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനിയുടെ മകന്‍ മുജ്തബ ഖൊമേനി പല വിദേശ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയ സാമ്പത്തിക സാമ്രാജ്യത്തിന്റെ ഉടമയെന്ന് റിപ്പോര്‍ട്ട്.

ഇറാനെതിരെ കടുത്ത ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ലണ്ടന്‍, ദുബായ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ വിദേശ നഗരങ്ങളില്‍ ശതകോടികളുടെ ആസ്തികളും ആഡംബര വസ്തുക്കളുമാണ് മുജ്തബ രഹസ്യമായി സമ്പാദിച്ചത്.

ഇറാനിലെ എണ്ണ വില്‍പനയില്‍ നിന്നുള്ള വരുമാനമാണ് ഇതിനായി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സാധാരണക്കാരായ ജനങ്ങള്‍ പട്ടിണിയിലായിരിക്കെയാണ് പരമോന്നത നേതാവിന്റെ മകന്റെ ശതകോടികളുടെ രഹസ്യ സമ്പാദ്യങ്ങള്‍.

ഇറാനിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കും ഇടയില്‍, മുജ്തബയുടെ ഈ അവിശുദ്ധ സാമ്പത്തിക ശൃംഖല വലിയ വിവാദങ്ങള്‍ക്കും അന്താരാഷ്ട്ര അന്വേഷണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പാശ്ചാത്യ സാമ്പത്തിക സംവിധാനങ്ങളെ ഇറാന്റെ ഉന്നത നേതൃത്വം എങ്ങനെയാണ് തങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

തന്റെ പേരില്‍ നേരിട്ട് സ്വത്തുക്കള്‍ വാങ്ങുന്നതിന് പകരം വിശ്വസ്തരായ ഇടനിലക്കാരെ ഉപയോഗിച്ചാണ് മുജ്തബ സ്വത്തുക്കള്‍ സമ്പാദിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഉപരോധ പട്ടികയിലുള്ള ഇറാനിയന്‍ വ്യവസായിയായ അലി അന്‍സാരിയാണ് ഇതിലെ പ്രധാനി. അന്‍സാരിയുടെ പേരിലോ അയാള്‍ നിയന്ത്രിക്കുന്ന കമ്പനികളുടെ പേരിലോ ആണ് മിക്ക നിക്ഷേപങ്ങളുമുള്ളത്.


യഥാര്‍ത്ഥ ഉടമസ്ഥാവകാശം പുറത്ത് വരാതിരിക്കാന്‍ വിവിധ തലങ്ങളായി തിരിച്ചിട്ടുള്ള നിരവധി ഷെല്‍ കമ്പനികളെ ഉപയോഗിച്ചാണ് മുജ്തബ സ്വത്തുക്കള്‍ സമ്പാദിച്ചിരിക്കുന്നത്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, ഐല്‍ ഓഫ് മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'സിബ ലഷര്‍ ലിമിറ്റഡ്', 'ബിര്‍ച്ച് വെഞ്ചേഴ്‌സ് ലിമിറ്റഡ്' എന്നിവ ഇതില്‍ ചിലതാണ്.

അന്ത്രാരാഷ്ട്ര ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇടനിലക്കാരെയും വ്യാജ കമ്പനികളെയും ഉപയോഗിച്ച് അതീവ രഹസ്യമായാണ് പണം വിദേശങ്ങളിലേക്ക് കടത്തുന്നത്. പണം കൈമാറുന്നതിനായി ബ്രിട്ടണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിക്റ്റന്‍സ്‌റ്റൈന്‍, യുഎഇ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളാണ് മുജ്തബ ഉപയോഗിക്കുന്നത്.

ഇടനിലക്കാരനായ അന്‍സാരി സൈപ്രസ് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയത് യൂറോപ്പില്‍ എളുപ്പത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും ഇറാനുമായുള്ള ബന്ധം മറച്ചു വെക്കാനും സഹായിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലണ്ടനിലെ 'ബില്യണയര്‍ റോ' എന്നറിയപ്പെടുന്ന തെരുവിലെ 100 മില്യണ്‍ പൗണ്ടിലധികം വിലമതിക്കുന്ന ആഡംബര വീടുകള്‍, ദുബായിലെ വില്ലകള്‍, ഫ്രാങ്ക്ഫര്‍ട്ടിലെയും മല്ലോര്‍ക്കയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവയില്‍ മൊജ്തബ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി മുജ്തബയ്ക്കുള്ള അടുത്ത ബന്ധം സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയ കരുത്ത് നല്‍കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാര്‍ കരാറുകള്‍ നേടുന്നതിനും പണം വിദേശത്തേക്ക് കടത്തുന്നതിനുമുള്ള മാര്‍ഗമായി നിര്‍മാണം, ഷിപ്പിങ് തുടങ്ങിയ മേഖലകളെ ഇവര്‍ ഉപയോഗിക്കുന്നു. തന്റെ പേര് ഒരു രേഖകളിലും വരാത്ത രീതിയില്‍ അതീവ രഹസ്യമായാണ് മുജ്തബ ഈ സാമ്പത്തിക സാമ്രാജ്യം നിയന്ത്രിക്കുന്നത്.

അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടന്ന് പണം വിദേശത്തേക്ക് കടത്തുന്നതിനും നിക്ഷേപിക്കുന്നതിനുമായി ഇറാനിലെ ഭരണവര്‍ഗം അതീവ സങ്കീര്‍ണ്ണവും രഹസ്യവുമായ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്.

അതിനൊരു ഉദാഹരണം തന്ത്രപ്രധാനമായ ബിസിനസ് മേഖലകളിലെ നിക്ഷേപങ്ങളാണ്. നിര്‍മാണം, ഷിപ്പിങ്, പെട്രോകെമിക്കല്‍സ് തുടങ്ങിയ മേഖലകളിലെ സര്‍ക്കാര്‍ കരാറുകളും ഇറക്കുമതി ലൈസന്‍സുകളും പണം വിദേശത്തേക്ക് കടത്താനുള്ള മാര്‍ഗങ്ങളായി ഉപയോഗിക്കുന്നു.

മുജ്തബ ഖൊമേനിയും അലി അന്‍സാരിയും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആഴത്തിലുള്ള സാമ്പത്തിക, വ്യക്തി ബന്ധമാണുള്ളതെന്നും സ്രോതസുകള്‍ വെളിപ്പെടുത്തുന്നു. 1980 കളുടെ അവസാനത്തില്‍ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് അലി അന്‍സാരി സൈനിക സേവനത്തിനായി എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

അന്‍സാരിയുടെ പിതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഓഫീസുമായി ബന്ധപ്പെട്ട പുനര്‍നിര്‍മാണ സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍, ഖൊമേനി കുടുംബത്തിന്റെ അടുത്ത വൃത്തങ്ങളുമായി അന്‍സാരിയുടെ കുടുംബത്തിന് നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ഇറാന്റെ സാമ്പത്തിക മേഖലയിലെ വലിയ പദ്ധതികളായ അയന്തെ ബാങ്ക്, ഇറാന്‍ മാള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മുജ്തബ ഖൊമേനിയും അന്‍സാരിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുജ്തബയുടെ വിദേശ നിക്ഷേപങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും പ്രധാന ചുമതലക്കാരന്‍ എന്ന നിലയില്‍ അന്‍സാരിയെ അദേദ്ദഹത്തിന്റെ 'മണി മാന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ മുജ്തബ ഖൊമേനിയുമായി തനിക്ക് വ്യക്തിപരമോ സാമ്പത്തികമോ ആയി യാതൊരു ബന്ധവുമില്ലെന്നാണ് അലി അന്‍സാരി പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.