കുടിയേറ്റ സഭയിൽ നിന്ന് തദ്ദേശീയ സഭയിലേക്ക്; വിശ്വാസത്തിന്റെ പുതിയ ദിശകൾ തുറന്ന് ജൂബിലി വേദിയിൽ ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസ്

കുടിയേറ്റ സഭയിൽ നിന്ന് തദ്ദേശീയ സഭയിലേക്ക്; വിശ്വാസത്തിന്റെ പുതിയ ദിശകൾ തുറന്ന് ജൂബിലി വേദിയിൽ ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസ്

ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ രജത ജൂബിലി മഹാകൺവെൻഷനിൽ കൊളംബസ് രൂപതാധ്യക്ഷൻ ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിൽ ഒരു ലാറ്റിൻ കത്തോലിക്കാ രൂപതയുടെ അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന ചരിത്ര നേട്ടം കൈവരിച്ച വ്യക്തിയാണ് അദേഹം.

2026 ജൂലൈ 10 ന് രാവിലെ 11. 15 ന് ചിക്കാഗോ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് ബിഷപ്പ് ഫെർണാണ്ടസിന്റെ പ്രഭാഷണം. “How to evolve from a transplant to a fully native church” (ഒരു കുടിയേറ്റ സഭയിൽ നിന്ന് തദ്ദേശീയ സഭയിലേക്കുള്ള വളർച്ച) എന്ന വിഷയത്തിലാണ് അദേഹം സംസാരിക്കുക. അമേരിക്കൻ മണ്ണിൽ സീറോ മലബാർ സമൂഹം കൈവരിക്കേണ്ട ഭാവി ദിശകളെക്കുറിച്ച് ബിഷപ്പ് തന്റെ ചിന്തകൾ പങ്കുവെക്കും.

ഈ സെഷനോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സംവാദ വേദിയും ഒരുക്കിയിട്ടുണ്ട്. വി. ജോർജ് മാളിയേക്കൽ മോഡറേറ്ററായി പ്രവർത്തിക്കുന്ന ഈ പാനൽ ചർച്ചയിൽ ഫാ. രാജീവ് വലിയവീട്ടിൽ, കമ്മ്യൂണിറ്റി ലീഡർ ആനി നെല്ലിക്കുന്നേൽ, ഫിസിഷ്യൻ ഡോ. മനോജ് അബ്രഹാം, പ്രൊഫസർ ഡോ. ജൈസി ജോസഫ്, കോളേജ് വിദ്യാർത്ഥിനി ജൊവാൻ ആന്റണി എന്നിവർ പങ്കെടുക്കും. തലമുറകൾക്കിടയിലെ വിശ്വാസാനുഭവങ്ങളും സമൂഹത്തിന്റെ ഭാവിദിശയും പങ്കുവെക്കുന്ന ആശയവിനിമയ വേദിയായിരിക്കും ഈ സംവാദം.

മുംബൈയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സിഡ്‌നി-തെൽമ ഫെർണാണ്ടസ് ദമ്പതികളുടെ മകനായി 1972 ൽ ഒഹായോയിലാണ് ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസിന്റെ ജനനം. തുടക്കത്തിൽ വൈദ്യശാസ്ത്രം പഠിച്ചെങ്കിലും പിന്നീട് ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരിയിൽ ചേർന്നു. റോമിലെ ആൽഫോൺസിയൻ അക്കാദമിയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 2022 ൽ കൊളംബസ് രൂപതയുടെ മെത്രാനായി ചുമതലയേറ്റ അദേഹം അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ രൂപതാ മെത്രാന്മാരിൽ ഒരാളാണ്.

ഇംഗ്ലീഷിനൊപ്പം സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ബിഷപ്പ് ഫെർണാണ്ടസ്, അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയിലെ വിവിധ കമ്മിറ്റികളിൽ അംഗമായും വാഷിംഗ്ടൺ ഡി.സി.യിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. ആത്മീയ വിഷയങ്ങളിലെയും ധാർമ്മിക ദൈവശാസ്ത്രത്തിലെയും ആഴമുള്ള അറിവും വ്യക്തമായ അവതരണശൈലിയും ബിഷപ്പിനെ ശ്രദ്ധേയനായ പ്രഭാഷകനും എഴുത്തുകാരനുമായി മാറ്റിയിട്ടുണ്ട്.

രൂപതയുടെ 25 വർഷത്തെ ആത്മീയ വളർച്ച ആഘോഷിക്കുന്നതിനൊപ്പം പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഈ കൺവെൻഷനിൽ ആചരിക്കും. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷനിൽ വിശുദ്ധ കുർബാന, യുവജന സെഷനുകൾ, കലാപരിപാടികൾ എന്നിവയുണ്ടാകും.

അമേരിക്കയിലെ മുഴുവൻ സീറോ മലബാർ വിശ്വാസികളെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.