ജനീവ: ദീർഘകാലമായി തുടരുന്ന ഇറാൻ - അമേരിക്ക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അന്തിമ കരാറിലേക്ക് ഇരുരാജ്യങ്ങളും അടുക്കുന്നതായി സൂചന. ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടന്ന നിർണായക ചർച്ചയിൽ കരാറിന്റെ പൊതുതത്വങ്ങളിൽ ഇരുവിഭാഗവും ധാരണയിലെത്തി. നിലവിൽ രൂപീകരിച്ച കരടുരേഖ ഇരുരാജ്യങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിലേക്ക് നീങ്ങുക.
തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കില്ലെന്ന കർശന നിലപാടിൽ അദേഹം ഉറച്ചുനിന്നു. ഇറാന് ആണവ സംവിധാനമേ പാടില്ലെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യങ്ങളെ പരിഗണിക്കില്ലെന്നും ഇസ്രയേലിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഇറാൻ ചർച്ചയിൽ വ്യക്തമാക്കി.
ഒരു വശത്ത് നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും മറുവശത്ത് ശക്തമായ സൈനിക വെല്ലുവിളികളുമായി ഇറാൻ രംഗത്തുണ്ട്. ഇറാനെ ആക്രമിക്കാൻ മുതിർന്നാൽ അമേരിക്കൻ പടക്കപ്പലുകൾ തകർക്കുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി മുന്നറിയിപ്പ് നൽകി.
ഖമേനിയുടെ പ്രഖ്യാപനം നടപ്പിലാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. കരാറിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഉൾപ്പെടുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. തുടർ ചർച്ചകളുടെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.