സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബംഗളൂരു കോറമംഗലയില്‍: പൊലീസ് അന്വേഷണം തുടരുന്നു; ഐടി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും

സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബംഗളൂരു കോറമംഗലയില്‍: പൊലീസ് അന്വേഷണം തുടരുന്നു; ഐടി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും

ബംഗളൂരു: അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബംഗളൂരു കോറമംഗലയില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയില്‍ മൃതദേഹം എത്തിക്കും. സഹോദരന്‍ സി.ജെ ബാബുവിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒന്നിന് പൊതുദര്‍ശനവും ഉണ്ടാകും. തുടര്‍ന്നാകും സംസ്‌കാരം.

മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി.ജെ ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് എടുത്തേക്കും. സി.ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബംഗളൂരു സെന്‍ട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.

കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് വ്യക്തമാക്കി. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

ഐടി റെയ്ഡിനിടെ ബംഗളൂരു ലാംഫോര്‍ഡ് റോഡിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ഇന്നലെയാണ് റോയ് വെടിവെച്ച് ജീവനൊടുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.