മെല്‍ബണില്‍ ഗാന്ധി പ്രതിമ മോഷണം പോയി; അപലപിച്ച് ഇന്ത്യ

 മെല്‍ബണില്‍ ഗാന്ധി പ്രതിമ മോഷണം പോയി; അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: മെല്‍ബണിലെ ഓസ്ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ മഹാത്മാ ഗാന്ധി പ്രതിമ മോഷണം പോയി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) സമ്മാനമായി നല്‍കിയതായിരുന്നു പ്രതിമ. സംഭവത്തില്‍ ഓസ്ട്രേലിയയിലെ നോക്സ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അന്വേഷണെം ആരംഭിച്ചു.

മെല്‍ബണിലെ റോവില്ലെ കമ്മ്യൂണിറ്റി സെന്ററില്‍ നിന്ന് ജനുവരി 12 ന് പുലര്‍ച്ചെയാണ് വെങ്കല പ്രതിമ കാണാതായതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആംഗിള്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ മുറിച്ചെടുത്തെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിമയുടെ കാലുകള്‍ മാത്രം അവശേഷിപ്പിച്ചായിരുന്നു മോഷണം.

വെങ്കല പ്രതിമ വില്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സ്‌ക്രാപ്പ് മെറ്റല്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് വ്യക്തമാക്കി.

പ്രതിമ നശിപ്പിച്ചതിനെയും നീക്കം ചെയ്തതിനെയും ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇന്ത്യാ വിരുദ്ധ വികാരം വര്‍ധിച്ച് വരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

2021 നവംബര്‍ 12 ന് മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണനാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ അജ്ഞാതരായ വ്യക്തികളാല്‍ ഇത് ആദ്യമായി നശിപ്പിച്ചിരന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.