'വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം'; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അഫാന്റെ പിതാവ്

'വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം'; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അഫാന്റെ പിതാവ്

കൊച്ചി: കേരളം ഞെട്ടിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമക്കെതിരെ ഹര്‍ജിയുമായി പ്രതി അഫാന്റെ പിതാവ്. 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

സിനിമയുടെ പേരില്‍ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

പ്രസാദ് നൂറനാടിന്റെ സംവിധാനത്തില്‍ കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് റിലീസ് ചെയ്യുമെന്നാണ് വിവരം. വിദേശത്തുള്ള പിതാവിന്റെയും നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും കഥയും ഒടുവില്‍ നാട്ടില്‍ അരങ്ങേറുന്ന ആറ് കൊലപാതക പരമ്പരയുമാണ് സിനിമയുടെ ഇതിവൃത്തം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.