ന്യൂഡല്‍ഹി: മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അദേഹം മണിപ്പൂര്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏല്‍ക്കും.
മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുമായും എന്‍ഡിഎ നേതാക്കളുമായും ബിജെപി നേതൃത്വം ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂരിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകനായ തരുണ്‍ ചുങ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പാത്ര തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതിനുശേഷമാണ് ബിജെപി എംഎല്‍എയായ യുംനാം ഖേംചന്ദിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിള്‍ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത യുംനാം ഖേംചന്ദ് ആദ്യം 2017 ലും പിന്നീട് 2022 ലും എംഎല്‍എയായി. 2017 ല്‍ നിയമസഭാ സ്പീക്കറായ അദേഹം 2022 ലെ ബിരേന്‍സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
വംശീയ കലാപങ്ങളെത്തുടര്‍ന്ന് 2025 ഫെബ്രുവരി ഒന്‍പതിനാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന എന്‍. ബിരേന്‍സിങ് രാജിവച്ചത്. ഇതിന് പിന്നാലെ 2025 ഫെബ്രുവരി 13 ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. 2026 ഫെബ്രുവരി 13 ന് രാഷ്ട്രപതി ഭരണം അവസാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.