യു.എസുമായുള്ള വ്യാപാര കരാറില്‍ മോഡി ധൃതിപിടിച്ച് ഒപ്പിട്ടത് എപ്സ്റ്റീന്‍ ഫയല്‍ സമ്മര്‍ദ്ദം മൂലമെന്ന് രാഹുല്‍ ഗാന്ധി; എതിര്‍പ്പുമായി മന്ത്രി പിയൂഷ് ഗോയല്‍

യു.എസുമായുള്ള വ്യാപാര കരാറില്‍ മോഡി ധൃതിപിടിച്ച് ഒപ്പിട്ടത് എപ്സ്റ്റീന്‍ ഫയല്‍ സമ്മര്‍ദ്ദം മൂലമെന്ന് രാഹുല്‍ ഗാന്ധി; എതിര്‍പ്പുമായി മന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഇന്ത്യ ധൃതിപിടിച്ച് ഒപ്പിടാന്‍ വിവാദമായ എപ്സ്റ്റീന്‍ ഫയലും കാരണമായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

മാസങ്ങളായി മുടങ്ങിക്കിടന്ന ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രി ധൃതിപിടിച്ച് ഒപ്പിട്ടത് സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ആരോപിച്ച രാഹുല്‍, എപ്സ്റ്റീന്‍ ഫയലിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നാല്‍ തന്റെ പ്രതിച്ഛായ തകരുമെന്ന് മോഡി ഭയന്നിട്ടുണ്ടെന്നും പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

വിവാദമായ എപ്സ്റ്റീന്‍ ഫയലുകളില്‍ ഇതുവരെ പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങളുണ്ട്. ഇത് മോഡിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. അമേരിക്കയില്‍ അദാനിക്കെതിരേയുള്ള കേസ് വാസ്തവത്തില്‍ മോഡിക്കെതിരേ തന്നെയുള്ള കേസാണ്. പ്രധാനമന്ത്രിക്കെതിരേ യു.എസിന്റെ പക്കലുള്ള സമ്മര്‍ദ തന്ത്രമാണിതെന്നും രാഹുല്‍ പറഞ്ഞു.

ചൈനീസ് അതിര്‍ത്തി പ്രശ്നവും മുന്‍ സൈനിക മേധാവി നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളും ഉന്നയിക്കാന്‍ ശ്രമിച്ച തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

എന്നാല്‍ എപ്സ്റ്റീന്‍ ഫയലുകളുമായി ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തേ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2017 ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രയേല്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രമാണ് ഫയലുകളിലുള്ളതെന്നും മറ്റു പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ചൊരു കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന വാദവുമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തി.

അയല്‍ രാജ്യങ്ങള്‍ക്കോ, ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കോ ലഭിച്ചതിനേക്കാള്‍ മികച്ച ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദേഹം പറഞ്ഞു.

യുവാക്കള്‍, യുവതികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും ഈ കരാര്‍ വലിയ അവസരങ്ങള്‍ തുറന്നു നല്‍കും. മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ നിരന്തരമായ ചര്‍ച്ചകളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും പിയൂഷ് ഗോയല്‍ അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.