'ഇത് തിരിച്ചറിയാന്‍ കഴിയുന്ന അസുഖമാണ് അവസാനിപ്പിക്കണം'; വാദം കേട്ട ശേഷം ഉത്തരവ് വൈകിപ്പിക്കുന്ന രീതി പാടില്ലെന്ന് സുപ്രീം കോടതി

'ഇത് തിരിച്ചറിയാന്‍ കഴിയുന്ന അസുഖമാണ് അവസാനിപ്പിക്കണം'; വാദം കേട്ട ശേഷം ഉത്തരവ് വൈകിപ്പിക്കുന്ന രീതി പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേസുകളില്‍ വാദം കേട്ട ശേഷം ഉത്തരവ് വൈകിപ്പിക്കുന്ന രീതി പാടില്ലെന്ന നിര്‍ദേശവുമായി സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപിന്‍ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിലെ ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്സൈറ്റില്‍ ലഭ്യമാക്കാത്തതിനെതിരായ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇത്തരം കാലതാമസങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

രണ്ട് തരം ജഡ്ജിമാരാണുള്ളത്. ഒന്ന് കഠിന പ്രയത്‌നം ചെയ്ത് എല്ലാവരെയും കേള്‍ക്കുകയും 10-15 കേസുകള്‍ വരെ വിധി പറയാന്‍ മാറ്റുന്നവര്‍. മറ്റൊരു കൂട്ടം ജഡ്ജിമാരാകട്ടെ ഇങ്ങനെ വാദം കേട്ട ശേഷം ഉത്തരവിടില്ല. ഇത് ജുഡീഷ്യറിക്ക് വെല്ലുവിളിയാണ്. ഇത് തിരിച്ചറിയാന്‍ കഴിയുന്ന അസുഖമാണെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഹൈക്കോടതികള്‍ക്കായി നിര്‍ദേശം ആവശ്യമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി പറഞ്ഞതിനോട് ചീഫ് ജസ്റ്റിസ് യോജിച്ചു. വാദം പൂര്‍ത്തിയാക്കിയ ശേഷം നിര്‍ദേശങ്ങള്‍ക്കായി മാറ്റി വീണ്ടും കക്ഷികളെ കേട്ട് അടുത്ത തിയതിയിലേക്ക് മാറ്റുന്നതിനെയും കോടതി വിമര്‍ശിച്ചു. ഇത്തരം രീതികള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് റോഹ്ത്തഗി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ മാസം ഏഴ്, എട്ട് തിയതികളില്‍ എല്ലാ ഹൈക്കോടതി ജഡ്ജിമാരെയും കാണുന്നുണ്ടെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 15 വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്ന കാലയളവില്‍ ഒരിക്കല്‍പ്പോലും മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരു കേസിലും വിധി വൈകിയിട്ടില്ലെന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.