ഹരാരെ: ഹരാരെയിലെ പുല്‍മൈതാനത്ത് പുതുചരിത്രം കുറിച്ച് ഇന്ത്യന്‍ കൗമാരവീര്യം. അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി ഇന്ത്യ തങ്ങളുടെ ആറാം കിരീടം ഉയര്‍ത്തി. ഇംഗ്ലീഷ് ബൗളര്‍മാരെ മുട്ടുകുത്തിച്ച ബാറ്റിങ് വിസ്ഫോടനത്തിനൊടുവില്‍ ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സ് ലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റണ്‍സില്‍ അവസാനിച്ചു.
നൂറ് റണ്‍സിന്റെ ജയം. ബാറ്റിങില്‍ ഒരു മഹാപ്രളയം കണക്കെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, ഇംഗ്ലണ്ടിന്റെ കിരീടസ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു. കൗമാര ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലെ ഈ സമ്പൂര്‍ണ വിജയം.
ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 29 ഓവറുകള്‍ക്കിടെ തന്റെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ബെന്‍ മയേസ് (45), നായകന്‍ തോമസ് റ്യൂ (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ജയത്തിലേക്ക് എത്താനായില്ല. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
14 കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ വൈഭവ്, 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് 55 പന്തിലാണ് സെഞ്ച്വറി തികച്ചത്.
സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിന് ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ ഒന്‍പത് റണ്‍സുമായി മടങ്ങി. അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 53 റണ്‍സ് കണ്ടെത്തി. ആഭിഗ്യാന്‍ കുണ്ടു (40), വിഹാന്‍ മല്‍ഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് 20 പന്തില്‍ 37 റണ്‍സുമായി കനിഷ്‌ക് ചൗഹാന്‍ പുറത്താകാതെ നിന്ന് ടീം സ്‌കോര്‍ 400 കടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.