പ്രണയം സമൂഹ മാധ്യമത്തിലൂടെ... വിവാഹം വീഡിയോ കോളിലൂടെ; ഭാര്യയ്‌ക്കെതിരെ എ.ഐ തട്ടിപ്പെന്ന പരാതിയുമായി പാകിസ്ഥാന്‍ മുന്‍ മന്ത്രി കോടതിയില്‍

പ്രണയം സമൂഹ മാധ്യമത്തിലൂടെ...  വിവാഹം വീഡിയോ കോളിലൂടെ; ഭാര്യയ്‌ക്കെതിരെ  എ.ഐ തട്ടിപ്പെന്ന പരാതിയുമായി പാകിസ്ഥാന്‍ മുന്‍ മന്ത്രി കോടതിയില്‍

കറാച്ചി: സാമൂഹിക മാധ്യമത്തിലൂടെ തുടങ്ങിയ പ്രണയം വീഡിയോ കോള്‍ വിവാഹത്തിലൂടെ സാഫല്യമായതിന്റെ ത്രില്ലിലായിരുന്നു പാകിസ്ഥാന്‍ മുന്‍ മന്ത്രി ഗുലാം റസൂല്‍ ഉന്നാര്‍. എന്നാല്‍ ഭാര്യയെ നേരില്‍ കണ്ട അദേഹം ഞെട്ടി.

നേരില്‍ കണ്ട യുവതിയുടെ മുഖവും മുന്‍പ് അയച്ചു നല്‍കിയ ഫോട്ടോയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. ഇതോടെ നിര്‍മിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ചിത്രങ്ങള്‍ കാണിച്ച് കബളിപ്പിച്ച് വിവാഹം നടത്തി എന്നാരോപിച്ച് വിവാഹ മോചനത്തിനായി ഗുലാം റസൂല്‍ കറാച്ചി സെഷന്‍സ കോടതിയെ സമീപിച്ചു.

പാകിസ്ഥാനിലെ ഇലക്ട്രോണിക് ക്രൈംസ് പ്രിവന്‍ഷന്‍ ആക്ട് (പി.ഇ.സി.എ) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സിന്ധ് പ്രവിശ്യാ മുന്‍ മന്ത്രിയായ ഗുലാം റസൂല്‍ ഉന്നാറിന്റെ ആവശ്യം.

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട റസിയ, എ.ഐ നിര്‍മിത ചിത്രം നല്‍കി വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ചിത്രങ്ങള്‍ വിശ്വസിച്ച റസൂല്‍ വിവാഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ വീഡിയോ കോളിലൂടെ വിവാഹിതരായി.

ചടങ്ങുകള്‍ക്കു ശേഷം ഭാര്യയെ നേരില്‍ കണ്ടപ്പോഴാണ് തട്ടിപ്പു പുറത്താത്. നേരില്‍ക്കണ്ട യുവതിയുടെ മുഖവും മുന്‍പ് അയച്ചു നല്‍കിയ ഫോട്ടോയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. തുടര്‍ന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.

യുവതി നിരന്തരം ശല്യംചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മരണപ്പെട്ടെന്ന രീതിയിലുള്ള വ്യാജവാര്‍ത്തകളും ഫോട്ടോകളും ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചുവെന്നും ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ വീഡിയോകള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുലാം റസൂല്‍ ഉന്നാര്‍ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.