തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും എസ്എഫ്‌ഐയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിലവിലെ സര്‍വകലാശാല യൂണിയന്‍ അസാധുവാക്കി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉത്തരവിറക്കി. പുതിയ യൂണിയന്‍ തിരഞ്ഞെടുപ്പിനായി ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും വിസി അറിയിച്ചു.
യൂണിയന്റെ കാലാവധി ഇതിനകം അവസാനിച്ചതിനാല്‍ സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് വിസിയുടെയും സര്‍വകലാശാലയുടെയും വിശദീകരണം. പുതിയ യൂണിയനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ വൈകിയെന്നും വിസി വ്യക്തമാക്കി. ഈ യൂണിയന്റെ കാലത്ത് കഴിഞ്ഞ ഏപ്രിലില്‍ കലോത്സവം നടത്തിയതാണെന്നും പുതിയ കലോത്സവം അടുത്ത ഭരണ സമിതിയാണ് നടത്തേണ്ടതെന്നും വിസി വ്യക്തമാക്കി.
എന്നാല്‍ വിസിയുടേത് പ്രതികാര നടപടിയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കലോത്സവം നടത്താത്തതിലും കായിക വിദ്യാര്‍ഥികള്‍ക്ക് ടി.എ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയാണ്.
ഇതിന് പിന്നാലെയാണ് യൂണിയന്‍ പിരിച്ചുവിട്ടു കൊണ്ടുള്ള നടപടി ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ഒരു ഭരണ സമിതിയുടെ കീഴില്‍ രണ്ട് കലോത്സവം നടത്താനാകില്ലെന്നാണ് വിസിയുടെ നിലപാട്. എന്നാല്‍ വിദ്യാര്‍ഥികളുടെ അവകാശം തടയുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.