ഫ്‌ളോറിഡ: ലോകം കാത്തിരുന്ന നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. നാസയുടെ ചരിത്ര പ്രധാനമായ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ആരംഭിച്ചു. ചാന്ദ്ര യാത്രികരുമായി അമേരിക്കന്‍ സമയം വൈകുന്നേരം 6:24 ന് (ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ 3:54) ആയിരിക്കും പുറപ്പെടല്‍.
കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 ബിയിലാണ് റോക്കറ്റ് വിക്ഷേപണം. കാലാവസ്ഥ വിക്ഷേപണത്തിന് 80 ശതമാനം അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. റീഡ് വൈസ്മാന്‍ (ദൗത്യ കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (പൈലറ്റ്), ക്രിസ്റ്റീന കോക്ക് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), ജെറമിയ ഹാന്‍സെണ്‍ (കനേഡിയന്‍ സ്‌പേസ് ഏജന്‍സി-മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് ആര്‍ട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങള്‍.
ആര്‍ട്ടെമിസ് 2 ചന്ദ്രനില്‍ ഇറങ്ങുകയല്ല മറിച്ച് ചന്ദ്രനെ ചുറ്റി 10 ദിവസം കൊണ്ട് തിരികെയെത്തുകയാണ് ലക്ഷ്യം. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യന്‍ ഇങ്ങനെ ഒരു യാത്ര നടത്തുന്നത്. 1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടെമിസ് 2 അംഗങ്ങളെയും വഹിച്ച് 10 ദിവസം കൊണ്ട് ചന്ദ്രനെ വലം വെച്ച് ഭൂമിയിലേക്ക് തിരിച്ച് വരികയാണ് ചെയ്യുന്നത്.
പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഈ പരീക്ഷണ പറക്കലില്‍ 22 ലക്ഷം കിലോ മീറ്റര്‍ സംഘം സഞ്ചരിക്കും. യാത്രാ സംഘം ഓറിയോണ്‍ പേടകത്തിലെ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ മനുഷ്യര്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കും. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്എല്‍എസിന്റെ ആദ്യ ക്രൂഡ് ലോഞ്ചാണിത്. ഭൂമിയിലേക്ക് തിരികെ എത്തുമ്പോള്‍ പേടകം നേരിടുന്ന അമിതമായ ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷിയും പരിശോധിക്കപ്പെടും.
ആര്‍ട്ടെമിസ് പദ്ധതിയിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം ആര്‍ട്ടെമിസ് 3 ആണ്. ആര്‍ട്ടെമിസ് 2 വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മനുഷ്യനെ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കുന്ന ദൗത്യമാണിത്. 1972 ന് ശേഷം ആദ്യമായി മനുഷ്യര്‍ ചന്ദ്രനില്‍ കാലുകുത്തുന്നത് ഈ ദൗത്യത്തിലൂടെയാകും.
ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തുന്ന ആദ്യ വനിതയും ആദ്യത്തെ കറുത്ത വര്‍ഗക്കാരനും ആര്‍ട്ടെമിസ് 3 യുടെ ഭാഗമായിരിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇവര്‍ ഇറങ്ങാന്‍ പദ്ധതിയിടുന്നത്. അവിടെയുള്ള മഞ്ഞ് രൂപത്തിലുള്ള ജലത്തെക്കുറിച്ചും ധാതുക്കളെക്കുറിച്ചും പഠനം നടത്തും. ചന്ദ്രനില്‍ ഒരു സ്ഥിരം താവളം ഒരുക്കുക വഴി ഭാവിയില്‍ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്ര സുഗമമാക്കുക എന്നതാണ് ഇതിന്റെ ദീര്‍ഘകാല ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.