പി.സി ജോര്‍ജിന്റെ തോക്കിന് മാത്രമാണ് ലൈസന്‍സ് ഉള്ളതെന്നും നാക്കിനില്ലെന്നും യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത
കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്.സി.ആര്‍.എ) ബില്ല് മാറ്റിവെച്ചത് താല്‍കാലിക ആശ്വാസമെന്ന് ഓര്‍ത്തഡോക്സ് സഭ.
എന്നാല്‍ തിരഞ്ഞെടുപ്പ് കൊണ്ടാണ് ചര്‍ച്ച മാറ്റി വെച്ചതെങ്കില്‍ ആശങ്ക ഉണ്ടെന്ന് യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. സഭകളോട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.
നിലവില്‍ ഒരു തരത്തിലും ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കേന്ദ്ര മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ നിലപാടാണെന്നും ബില്ലില്‍ നല്ല കാര്യം ഉണ്ടെങ്കില്‍ അംഗീകരിക്കാന്‍ സഭ തയ്യാറാണെന്നും അദേഹം പറഞ്ഞു.
എഫ്.സി.ആര്‍.എ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിഷപ്പുമാര്‍ക്കെതിരേ രൂക്ഷ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെയും മെത്രാപ്പോലീത്ത വിമര്‍ശിച്ചു. പി.സി ജോര്‍ജിന്റെ തോക്കിന് മാത്രമാണ് ലൈസന്‍സ് ഉള്ളത്. നാക്കിന് ലൈസന്‍സ് ഇല്ല. എന്തും വിളിച്ചു പറയുന്ന പി.സി ജോര്‍ജിന് എന്ത് മറുപടി കൊടുക്കണമെന്ന് ജനം തീരുമാനിക്കട്ടെ. ആരെക്കുറിച്ചും നെഗറ്റീവായി പറയുന്നത് അയാളുടെ ജീവിതശൈലിയുടെ ഭാഗമാണെന്നും അദേഹം വ്യക്തമാക്കി.
എഫ്.സി.ആര്‍.ഐ വിഷയം സഭ ഇപ്പോള്‍ പറഞ്ഞത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലെന്നും യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഇത് വന്നാലും ഇതേ നിലപാട് സഭ തുടരും. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ബിജെപി മണ്ടത്തരം കാണിച്ചു എന്നാണ് കരുതുന്നത്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കാലത്ത് ബില്ല് കൊണ്ടുവന്നതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായത്തില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2026 മാര്‍ച്ച് 25 നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വിദേശത്ത് നിന്നുള്ള ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതില്‍ കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിച്ചത്.
ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റി രൂപീകരിക്കുന്നു എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. ഏതെങ്കിലും എന്‍ജിഒകളുടെ ലൈസന്‍സ് സര്‍ക്കാര്‍ സസ്‌പെന്‍ഡോ റദ്ദാക്കുകയോ ചെയ്താല്‍ അവരുടെ ആസ്തികള്‍ നിയന്ത്രിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം അതോറിറ്റിക്കുണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.