ഏഴ് വര്‍ഷത്തിന് ശേഷം ഇതാദ്യം: ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ വരുന്നു; ഏപ്രില്‍ നാലിന് ഗുജറാത്ത് തുറമുഖത്തെത്തും

ഏഴ് വര്‍ഷത്തിന് ശേഷം ഇതാദ്യം: ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ വരുന്നു; ഏപ്രില്‍ നാലിന് ഗുജറാത്ത് തുറമുഖത്തെത്തും

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഇറാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നു. ആഫ്രിക്കന്‍ രാജ്യമായ എസ്വാതിനിയുടെ പതാകയുള്ള എണ്ണക്കപ്പലാണ് ഇറാനില്‍ നിന്ന് ആറ് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്. ഇറാനില്‍ നിന്ന് യാത്ര തിരിച്ച കപ്പല്‍ ഏപ്രില്‍ നാലിന് ഗുജറാത്ത് ദീന്‍ദയാല്‍ തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019 ന് ശേഷം ഇതാദ്യമായാണ് ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എണ്ണയെത്തിക്കുന്നത്. ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തുടര്‍ന്നാണ് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയത്.

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചത് ഇന്ത്യയെയും ബാധിച്ചിരുന്നു. ബുധനാഴ്ചത്തെ കണക്ക് അനുസരിച്ച് ഇന്ത്യയിലേക്കുള്ള പത്തോളം വിദേശ എണ്ണക്കപ്പലുകളും 18 ഇന്ത്യന്‍ കപ്പലുകളും കുടുങ്ങികിടക്കുകയാണെന്നാണ് വിവരം. ഇതിനിടെ ഇന്ത്യ അടക്കമുള്ള അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മുസ് വഴി കടത്തിവിടുമെന്ന് നേരത്തേ ഇറാന്‍ അറിയിച്ചിരുന്നു. ഇത് അനുസരിച്ച് ഇന്ത്യയിലേക്കുള്ള എല്‍പിജി കപ്പലുകള്‍ അടക്കം ഹോര്‍മുസ് കടന്നിരുന്നു.

2015 ലെ ആണവകരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് അമേരിക്ക ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും ഇറാനിയന്‍ എണ്ണ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. നേരത്തേ ഇറാനില്‍ നിന്നുള്ള എണ്ണയെയാണ് ഇന്ത്യ കാര്യമായി ആശ്രയിച്ചിരുന്നത്.

2018-2019 വര്‍ഷത്തില്‍ മാത്രം ഏകദേശം 24 മില്യണ്‍ ടണ്‍ ഇറാനിയന്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 10-12 ശതമാനമായിരുന്നു ഇത്. എന്നാല്‍ 2019-20 വര്‍ഷത്തില്‍ ഇത് പൂജ്യം ശതമാനത്തിലെത്തി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതോടെ സൗദി അറേബ്യ, ഇറാഖ്, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതലായും എണ്ണ വാങ്ങിയിരുന്നത്.

2022 ല്‍ ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ റഷ്യ എണ്ണ വിലയില്‍ ഇളവ് നല്‍കിയിരുന്നു. ഇതോടെ റഷ്യയില്‍ നിന്നും ഇന്ത്യ വന്‍ തോതില്‍ എണ്ണ വാങ്ങിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.