പല രൂപതകളുടെയും എഫ്‌സിആര്‍എ ലൈസന്‍സുകള്‍ യാതൊരു കാരണവുമില്ലാതെ റദ്ദാക്കി: കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍

പല രൂപതകളുടെയും എഫ്‌സിആര്‍എ ലൈസന്‍സുകള്‍ യാതൊരു കാരണവുമില്ലാതെ റദ്ദാക്കി: കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍

'രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും ലഭിക്കേണ്ട സഹായങ്ങള്‍ തടയുന്ന നീതി നിഷേധം'.

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും ലഭിക്കേണ്ട സഹായങ്ങള്‍ തടയുന്ന നീതി നിഷേധമാണെന്ന് കെസിബിസി വക്താവ് തോമസ് തറയില്‍.

സഭയുടെ പക്കലത്തുന്ന വിദേശ സഹായങ്ങള്‍ രാജ്യത്തെ സാധാരണക്കാരുടെ ഉന്നമനത്തിനായാണ് വിനിയോഗിക്കുന്നത്. ഇത് തടയുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്. പുതിയ നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് ആവശ്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

പൊതുസമൂഹവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ആരോടാണ് ചര്‍ച്ച നടത്തിയതെന്ന് തെളിയിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറാകണം. പാര്‍ലമെന്റിലെ എംപിമാര്‍ക്ക് പോലും ഈ ബില്‍ പഠിക്കാനോ ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കാനോ സമയം നല്‍കാതെ ധൃതികൂട്ടുകയാണെന്നും ഫാ. തോമസ് തറയില്‍ പറഞ്ഞു.

പല രൂപതകളുടെയും എഫ്‌സിആര്‍എ ലൈസന്‍സുകള്‍ യാതൊരു കാരണവുമില്ലാതെ റദ്ദാക്കിയ നടപടിക്കെതിരെ സഭ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുകളെല്ലാം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

വിദേശത്ത് മിനിസ്ട്രി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അധ്വാനിച്ചുണ്ടാക്കുന്ന പണം നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അയക്കുന്നത് പോലും തടയുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വളരെ നിസാരമായ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്.

സഭയുടെ സാമ്പത്തിക ഇടപാടുകളെല്ലാം പൂര്‍ണമായും സുതാര്യമാണ്. രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ക്ക് കൃത്യമായി കണക്കുകള്‍ നല്‍കുന്നുണ്ട്. എന്നിട്ടും സഭയെ മാത്രം ലക്ഷ്യം വെക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ ആശങ്കാ ജനകമാണ്.

ഈ വിഷയത്തിലെ ആശങ്കകള്‍ നേരിട്ട് ബോധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് സംസാരിക്കുമെന്നും ഈ പോരാട്ടം ക്രൈസ്തവര്‍ക്ക് വേണ്ടി മാത്രമല്ല മറിച്ച് രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും വേണ്ടിയാണെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.