വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കാൻ വിശ്വാസികളുടെ അകമഴിഞ്ഞ പിന്തുണ തേടി വത്തിക്കാൻ. ദുഖവെള്ളി ദിനത്തിൽ ലോകമെമ്പാടുമുള്ള കത്തോലിക്കാ പള്ളികളിൽ നടത്തുന്ന ഗുഡ് ഫ്രൈഡേ കളക്ഷൻ ഇത്തവണ അതീവ നിർണായകമാണെന്ന് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ ക്ലോഡിയോ ഗുജെറോട്ടി അറിയിച്ചു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ആയുധങ്ങൾ ഇപ്പോഴും വിരാമമില്ലാതെ മുഴങ്ങുകയാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. "മനുഷ്യർ മരിച്ചു വീഴുന്നു, ഭൂമിക്കായി തർക്കങ്ങൾ തുടരുന്നു. അതിജീവനത്തിനായി ക്രൈസ്തവർ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്," അദേഹം തന്റെ കത്തിൽ കുറിച്ചു. മുറിവേറ്റ ലോകത്തെ ശുശ്രൂഷിക്കുന്നത് എത്രമാത്രം ശ്രമകരമാണെങ്കിലും ദൈവം നമ്മുടെ പ്രത്യാശയാണെന്നും ആ പ്രത്യാശ കൈവിടരുതെന്നും ഓർമ്മിപ്പിച്ചു.
വിശുദ്ധ നാട്ടിലെ പവിത്രമായ സ്ഥലങ്ങളുടെ സംരക്ഷണവും അവിടെയുള്ള പ്രാദേശിക ക്രൈസ്തവരുടെ ക്ഷേമവും ഫ്രാൻസിസ്കൻ സന്ന്യാസിമാരുടെ സവിശേഷമായ ഉത്തരവാദിത്തമാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ നൽകുന്ന ഈ സഹായം കടലിലെ ഒരു തുള്ളി പോലെ തോന്നാമെങ്കിലും ആ തുള്ളികൾ ഇല്ലെങ്കിൽ കടൽ ഒരു മരുഭൂമിയായി മാറുമെന്ന് കർദിനാൾ ഗുജെറോട്ടി പറഞ്ഞു.
അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേലും ഇറാനും തമ്മിൽ ആരംഭിച്ച യുദ്ധം മേഖലയിലാകെ പടർന്നുപിടിച്ചിരിക്കുകയാണ്. ഇത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിശുദ്ധ നാട്ടിൽ അവശേഷിക്കുന്ന ക്രൈസ്തവർക്ക് അവിടെത്തന്നെ തുടരാനും ജീവിതം കരുപിടിപ്പിക്കാനും ഈ സാമ്പത്തിക സഹായം വലിയ ആശ്വാസമാകും.
മാനുഷിക പരിഗണന നൽകിക്കൊണ്ട് വിനാശത്തിനും നിസ്സംഗതയ്ക്കുമെതിരെ നിൽക്കാനുള്ള ഒരു ചെറിയ വഴിയാണ് ഈ കാരുണ്യ നിക്ഷേപമെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഈ ദുഖവെള്ളിയിൽ ലോകത്തിലെ എല്ലാ കത്തോലിക്കാ ഇടവകകളും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും കർദിനാൾ അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.