ജറുസലേമിൽ ചരിത്രം ഉണരുന്നു; യേശുവിന്റെ കാലഘട്ടത്തിലെ തീർത്ഥാടക പാത സന്ദർശകർക്കായി തുറന്നു

ജറുസലേമിൽ ചരിത്രം ഉണരുന്നു; യേശുവിന്റെ കാലഘട്ടത്തിലെ തീർത്ഥാടക പാത സന്ദർശകർക്കായി തുറന്നു

ജറുസലേം: യേശു ക്രിസ്തുവിന്റെ കാലഘട്ടത്തിൽ തീർത്ഥാടകർ ഉപയോഗിച്ചിരുന്ന അതിപുരാതനമായ തീർത്ഥാടക പാത രണ്ടായിരം വർഷങ്ങൾക്ക് ശേഷം വിനോദ സഞ്ചാരികൾക്കും വിശ്വാസികൾക്കുമായി തുറന്നു കൊടുത്തു. ജറുസലേമിലെ സീലോഹ കുളത്തിൽ നിന്ന് ആരംഭിച്ച് വിശുദ്ധമായ മോറിയാ മലയിലെ യഹൂദ ദേവാലയത്തിലേക്കാണ് ഈ പാത നീളുന്നത്.

എഡി 70 ൽ റോമാക്കാർ ജറുസലേം നഗരം ആക്രമിച്ചു നശിപ്പിച്ചപ്പോഴാണ് ഈ ചരിത്രപ്രധാനമായ പാത മണ്ണിനടിയിലായത്. എന്നാൽ നൂറ്റാണ്ടുകളോളം മണ്ണു മൂടിക്കിടന്നത് പാതയ്ക്ക് ഒരു സുരക്ഷാ കവചമായി മാറുകയും കാര്യമായ കേടുപാടുകൾ കൂടാതെ പാത സംരക്ഷിക്കപ്പെടാൻ സഹായിക്കുകയും ചെയ്തു. ഹേറോദേസ് രാജാവിന്റെയോ പന്തിയോസ് പീലാത്തോസിന്റെയോ നിർദേശപ്രകാരമാണ് ഈ വീഥി നിർമ്മിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം.

ഏകദേശം 20 വർഷത്തോളം നീണ്ട ശാസ്ത്രീയമായ ഖനനത്തിലൂടെയാണ് ഈ ചരിത്രസ്മാരകം വീണ്ടെടുത്തത്. പാതയോടൊപ്പം തന്നെ ചരിത്രപ്രധാനമായ നിരവധി പുരാവസ്തുക്കളും ഖനനത്തിനിടയിൽ ലഭിച്ചു. തീർത്ഥാടകർ ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ശുദ്ധി വരുത്തിയിരുന്ന കുളം, പൊതു അറിയിപ്പുകൾ നൽകുന്നതിനും വേദപാരായണത്തിനുമായി ഉപയോഗിച്ചിരുന്ന സ്റ്റേജ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

പുരാതന യഹൂദ തീർത്ഥാടകർ തങ്ങളുടെ ശുദ്ധീകരണ കർമ്മങ്ങൾക്ക് ശേഷം ദേവാലയത്തിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന വീഥിയാണിത്. സ്വന്തം ചരിത്രവേരുകളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന യഹൂദ വിശ്വാസികൾക്കും ക്രിസ്തു നടന്ന പാതയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ക്രൈസ്തവർക്കും ഒരുപോലെ പ്രധാനപ്പെട്ട ഇടമായി ഈ പാത മാറും.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിലൊന്നായി ഇതിനെ ഗവേഷകർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ ജറുസലേമിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഈ പാത മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.