യൂറോപ്പ് വലിയ വെല്ലുവിളി നേരിടുന്നു; വ്യാവസായിക നിക്ഷേപത്തിന് സംയുക്ത വായ്പാ പദ്ധതി വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

യൂറോപ്പ് വലിയ വെല്ലുവിളി നേരിടുന്നു; വ്യാവസായിക നിക്ഷേപത്തിന് സംയുക്ത വായ്പാ പദ്ധതി വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: ലോക വേദിയില്‍ യൂറോപ്പ് ശക്തമായി സ്വയം നിലയുറപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ചൈന, റഷ്യ, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ യൂറോപ്പ് ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദേഹം പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ, ധനകാര്യം, പ്രതിരോധം, സുരക്ഷ, ജനാധിപത്യ സംവിധാനം തുടങ്ങിയവയെ സംബന്ധിച്ചുള്ള വിഷയമാണിത്. ഈയാഴ്ച ബ്രസ്സല്‍സില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് മുന്നോടിയായാണ് മാക്രോണിന്റെ പ്രതികരണം.

'വ്യാവസായിക നിക്ഷേപത്തിനായി നൂറുകണക്കിന് ബില്യണ്‍ യൂറോ സമാഹരിക്കുന്നതിനായി സംയുക്ത വായ്പാ പദ്ധതി വേണം. 'നമ്മുടെ ഭാവി ചെലവുകള്‍ക്കായി ഒരു പങ്കാളിത്ത വായ്പാ സമാഹരണത്തിനുള്ള സമയം വന്നിരിക്കുന്നു - ഭാവിക്ക് വേണ്ടിയുള്ള യൂറോ ബോണ്ടുകള്‍'- മാക്രോണ്‍ പറഞ്ഞു.

ഫ്രാന്‍സിന് സന്തുലിതമായ ഒരു മാതൃക ഒരിക്കലും ഉണ്ടായിട്ടില്ലെന്ന കാര്യം മാക്രോണ്‍ അംഗീകരിച്ചു. 'പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ 2010 കളില്‍ ആരംഭിച്ച പരിഷ്‌കരണങ്ങള്‍ പോലുള്ളവ നമുക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അവ ഇന്ന് ഫലം നല്‍കുന്നു.

ലോക വിപണികള്‍ അമേരിക്കന്‍ ഡോളറിനെ ഭയക്കുന്നു. അതിന് ബദലുകള്‍ വേണം. എല്ലാ നിക്ഷേപകര്‍ക്കും ജനാധിപത്യ നിയമവാഴ്ച ഒരു വലിയ ആകര്‍ഷണമാണ്. ഞാന്‍ കാണുന്നതില്‍ ഒരുവശത്ത് ചൈന എന്ന ഏകാധിപത്യ ഭരണകൂടവും മറുവശത്ത് നിയമ വാഴ്ചയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകന്നുപോകുന്ന അമേരിക്കയും ഉണ്ടെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടി.

27 അംഗ യൂറോപ്യന്‍ യൂണിയന് സുരക്ഷ, പ്രതിരോധം, ശുദ്ധമായ ഊര്‍ജം, നിര്‍മിത ബുദ്ധി തുടങ്ങിയ നിര്‍ണായക മേഖലകളില്‍ നിക്ഷേപം നടത്താന്‍ പ്രതിവര്‍ഷം 1.2 ട്രില്യണ്‍ യൂറോ ആവശ്യമാണെന്നാണ് മാക്രോണിന്റെ അഭിപ്രായം. ലോകത്തിലെ അരാജകത്വത്തില്‍ യൂറോപ്പ് വലിയ വെല്ലുവിളി നേരിടുന്നുവെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.