തൃശൂർ: ചാവക്കാട് നഗരഹൃദയത്തിലെ 17 സെന്റ് സ്ഥലവും 2600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും ഇനി നിരാലംബരായ രോഗികൾക്ക് സാന്ത്വനമേകും. തന്റെ പിതാവ് പകർന്നുനൽകിയ കാരുണ്യത്തിന്റെ കനൽ കെടാതെ സൂക്ഷിക്കാൻ അഞ്ചുകോടി രൂപയുടെ സ്വത്ത് പാലിയേറ്റീവ് കെയറിനായി ദാനം ചെയ്തിരിക്കുകയാണ് നെടുപുഴ ഇടവക വികാരിയായ ഫാ. ഫ്രാൻസിസ് മുട്ടത്ത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിലെ സർജിക്കൽ സെക്ഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാർമസിസ്റ്റായിരുന്നു അച്ചന്റെ പിതാവ്. നാട്ടിൽ തിരിച്ചെത്തിയ അദേഹം ചാവക്കാട് നഗരത്തിൽ ക്ലിനിക്ക് ആരംഭിച്ചു. സ്നേഹം കൊണ്ട് നാട്ടുകാർ അദേഹത്തെ 'അപ്പോത്തിക്കിരി' എന്ന് വിളിച്ചു. മരുന്നും സിറിഞ്ചുകളുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സൈക്കിളിൽ രോഗികളെ തേടിപ്പോകുന്ന പിതാവിന്റെ ചിത്രം ഫാ. ഫ്രാൻസിസിന്റെ ഉള്ളിൽ ഇന്നുമുണ്ട്.
രോഗികളുടെ വേദനയിൽ കരയുകയും, മരണശയ്യയിൽ അവർക്ക് തുണയായി വെളുക്കുവോളം കൂട്ടിരിക്കുകയും ചെയ്തിരുന്ന ആ വലിയ മനുഷ്യൻ തന്റെ കാലശേഷം ഈ വീട് പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നവർക്ക് നൽകണമെന്ന് 14 വർഷം മുൻപ് മകനോട് ആവശ്യപ്പെട്ടിരുന്നു. മകൻ ഒരു ഡോക്ടറാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും ദൈവവിളിക്കു പിന്നാലെ പോകാൻ സെമിനാരിയിൽ ചേർന്നപ്പോൾ തടസമായില്ല. പിതാവ് ആഗ്രഹിച്ചതുപോലെ രോഗികളെ ശുശ്രൂഷിക്കാൻ ഫാ. ഫ്രാൻസിസിന് സാധിച്ചില്ലെങ്കിലും ആ സേവനങ്ങൾ തുടരുന്നവരെ ഈ വീട് ഏൽപ്പിക്കുക വഴി വലിയൊരു നിയോഗമാണ് പൂർത്തിയാക്കുന്നത്.
തെരുവിലലയുന്നവരെ സംരക്ഷിക്കുന്ന എം.സി.ബി.എസ് (MCBS) സഭയുടെ 'യുകെയർ-പാലിയേറ്റീവ് കെയർ' എന്ന സ്ഥാപനത്തിനാണ് ഈ വസ്തു കൈമാറിയത്. ആകാശപ്പറവകളെപ്പോലെ തുണയില്ലാത്തവർക്ക് ഈ വീട് ഇനി തണലൊരുക്കും. "അപ്പൻ പഴയ കാലത്ത് ചെയ്തിരുന്ന സേവനങ്ങൾ തുടർന്നും ഇവിടെ നടക്കണം. ആ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്." - ഫാ. ഫ്രാൻസിസ് മുട്ടത്ത് പറഞ്ഞു.
വീട് കൈമാറുന്നതിനൊപ്പം തന്നെ ഇതിന്റെ വരുംകാല പ്രവർത്തനങ്ങളിൽ സജീവമായി കൂടെയുണ്ടാകുമെന്നും അദേഹം ഉറപ്പുനൽകുന്നു. കല്ലും സിമന്റും കൊണ്ട് പണിത വീടിനേക്കാൾ സ്നേഹവും കരുണയും കൊണ്ട് പണിത ഒരു വലിയ മനസ്സിന്റേതാണ് ഈ സമർപ്പണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.