പാക് അധീന കാശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തിയ ഭൂപടം നീക്കം ചെയ്ത് അമേരിക്ക

 പാക് അധീന കാശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തിയ ഭൂപടം നീക്കം ചെയ്ത് അമേരിക്ക

വാഷിങ്ടണ്‍: പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തിയ ഭൂപടം അമേരിക്കന്‍ ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് നീക്കം ചെയ്തു. കഴിഞ്ഞ ആഴ്ച ഇന്ത്യയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് പാക് അധീന കാശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ദശാബ്ദങ്ങളായി തുടരുന്ന അമേരിക്കയുടെ നയതന്ത്ര നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമായാണ് ഈ ഭൂപടം ആദ്യം വിലയിരുത്തപ്പെട്ടത്. സാധാരണയായി അമേരിക്കന്‍ ഭൂപടങ്ങളില്‍ പാക് അധീന കാശ്മീരിനെ പ്രത്യേകമായാണ് അടയാളപ്പെടുത്താറുള്ളത്. എന്നാല്‍ ഇത്തവണ തര്‍ക്ക പ്രദേശങ്ങളെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഈ നീക്കം ബോധപൂര്‍വമാണോ അതോ അബദ്ധമാണോ എന്ന സംശയം നിലനില്‍ക്കെയാണ് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് ആ പോസ്റ്റ് നീക്കം ചെയ്തത്.

ചൈന അവകാശവാദം ഉന്നയിക്കുന്ന ലഡാക്കിലെ അക്‌സായ് ചിന്‍ പ്രദേശം ഇന്ത്യയുടെ ഭാഗമായാണ് മാപ്പില്‍ കാണിച്ചിരുന്നത്. ഇത് ചൈനയുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായേക്കാം എന്ന വിലയിരുത്തലുണ്ട്.

ഭൂപട വിവാദം നിലനില്‍ക്കുമ്പോഴും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചു.

ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ ഇന്ത്യ നേരത്തെ പലതവണ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുതിയ ഭൂപടം പിന്‍വലിച്ചതിലൂടെ അമേരിക്ക പഴയ നിലപാടിലേക്ക് തന്നെ മടങ്ങിയോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.