എപ്സ്റ്റീന്‍ ഫയലില്‍ പേര്: ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയലില്‍ പേര്: ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ ഫയലില്‍ പേരുള്‍പ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം.

പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി ഉന്നയിച്ച എപ്സ്റ്റീന്‍ ഫയല്‍ വിഷയം ഏറ്റെടുത്ത പ്രതിപക്ഷം കേന്ദ്രമന്ത്രി ഹര്‍ദിപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ചു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ ലോക്സഭ തടസപ്പെട്ടു. ഹര്‍ദീപ് സിങ് പുരിയുടെയും അനില്‍ അംബാനിയുടെയും പേര് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് പുറത്തുവിട്ട രേഖകളിലുണ്ടെന്ന് ബജറ്റ് ചര്‍ച്ചക്കിടെ രാഹുല്‍ ആരോപിച്ചിരുന്നു.

എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി ഹര്‍ദീപ് സിങ് പുരി രംഗത്തു വരികയും ചെയ്തിരുന്നു. എപ്സ്റ്റീനുമായി നാല് പ്രവശ്യമെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാല്‍ കുറ്റകൃത്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നുമുള്ള വിശദീകരണമാണ് മന്ത്രി നല്‍കിയത്.

അതേസമയം, രാജ്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ പ്രമേയം കൊണ്ടു വന്നിരുന്നു.

അതിനിടെ ഇന്ത്യ -യു.എസ് വ്യാപാര കരാറില്‍ ഉള്ള പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ലോക്സഭ, മാര്‍ച്ച് ഒമ്പതിന് രണ്ടാം ഘട്ടം ചേരുന്നതു വരെ പിരിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസ് മാര്‍ച്ച് ഒമ്പതിന് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.