ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ആഭ്യന്തര വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പ്ലാസ്റ്റിക്, ഔഷധ നിര്‍മാണം, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മേഖലകളില്‍ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്ന പ്രധാന പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി.
വിപണിയിലെ വിലക്കയറ്റം തടയാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം 2026 ജൂണ്‍ 30 വരെ നിലനില്‍ക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. മെഥനോള്‍, അസറ്റിക് ആസിഡ്, ഫിനോള്‍, ടൊളുവിന്‍, സ്‌റ്റൈറീന്‍ തുടങ്ങിയ കെമിക്കലുകള്‍ക്കും പോളിപ്രൊപ്പിലീന്‍, പിവിസി, പോളിസ്‌റ്റൈറീന്‍ തുടങ്ങിയ പ്ലാസ്റ്റിക് നിര്‍മാണ വസ്തുക്കള്‍ക്കും ഇളവ് ബാധകമാണ്.
പ്ലാസ്റ്റിക് പാക്കേജിങ്, തുണിത്തരങ്ങള്‍, വാഹന നിര്‍മാണം, മരുന്നുകള്‍ തുടങ്ങിയവയുടെ ഉല്‍പാദനച്ചെലവ് കുറയ്ക്കുക വഴി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടതും ആഗോള വിതരണ ശൃംഖലയില്‍ ഉണ്ടായ പ്രതിസന്ധിയും ചരക്ക് കൂലി വര്‍ധനവും ഇന്ത്യന്‍ വ്യവസായങ്ങളെ ബാധിക്കാതിരിക്കാനാണ് അടിയന്തര നടപടി.
യുദ്ധം കാരണം അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തടസപ്പെടുന്നത് ഉല്‍പാദന മേഖലയെ സ്തംഭിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.