ഇടുക്കിയിൽ പുതിയ സസ്യവർഗം; ആദരമായി വൈദികന്റെ പേര് നൽകി ഗവേഷകർ

ഇടുക്കിയിൽ പുതിയ സസ്യവർഗം; ആദരമായി വൈദികന്റെ പേര് നൽകി ഗവേഷകർ

ഇടുക്കി: പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽ നിന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരു സസ്യവർഗത്തെ ഗവേഷകർ കണ്ടെത്തി. ഇടുക്കിയിലെ ഇരവികുളം നാഷണൽ പാർക്കിൽ നിന്ന് കണ്ടെത്തിയ ഈ സസ്യത്തിന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് മുൻ പ്രിൻസിപ്പലായിരുന്ന പരേതനായ ഫാ. ജോസഫ് പൈകട സി.എം.ഐയോടുള്ള ആദരസൂചകമായി 'ടെട്രാറ്റേനിയം പൈകടെ' എന്നാണ് പേര് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഈ പേര് തിരഞ്ഞെടുത്തത്.

കാരറ്റ്, മല്ലി എന്നിവ ഉൾപ്പെടുന്ന അപ്പിയേസി കുടുംബത്തിൽപ്പെട്ടതാണ് ഈ പുതിയ സസ്യം. ലോകത്താകെ ടെട്രാറ്റേനിയം ജനുസിൽ 25 വർഗങ്ങളാണ് നിലവിലുള്ളത്. ദേവഗിരി കോളേജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരായ സി. രേഖ, എം.കെ പ്രശാന്ത്, ടി.പി. അശ്വിൻദാസ്, റിസേർച്ച് ഗൈഡ് ഡോ. കെ.എം. മനുദേവ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ. സ്വീഡനിൽ നിന്നുള്ള അന്താരാഷ്ട്ര ജേർണലായ 'നോർഡിക് ജേർണൽ ഓഫ് ബോട്ടണി'യിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 1000 മുതൽ 2500 മീറ്റർ വരെ ഉയരമുള്ള നനവാർന്ന ചതുപ്പ് പ്രദേശങ്ങളിൽ വളരുന്നു. 30 മുതൽ 80 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയുടെ തണ്ടുകൾ കട്ടിയുള്ള രോമങ്ങളാൽ നിറഞ്ഞതാണ്. വെളുത്ത പൂക്കളും അണ്ഡാകൃതിയിലുള്ള ഇലകളും ഇതിന്റെ പ്രത്യേകതയാണ്. ഇരവികുളം നാഷണൽ പാർക്കിൽ ഏകദേശം 150 ചെടികൾ മാത്രമാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇവ അതീവ സംരക്ഷണം അർഹിക്കുന്നു.

ഒക്ടോബർ, നവംബർ മാസങ്ങളിൽ കായ്‌കൾ കാണപ്പെടുന്ന ഈ ചെടിയെ സമാനമായ മറ്റ് വർഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത് കായ്‌കളിലെ എണ്ണക്കുഴലുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള പ്രത്യേകതയാണ്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച്, അനുസന്ധാൻ നാഷണൽ റിസേർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെയാണ് ഗവേഷണം പൂർത്തിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.