പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം; കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം; കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പല വിദേശ രാജ്യങ്ങളും നടപ്പാക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രായപരിധി എന്ന നിയമം ഇന്ത്യയിലും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം നീക്കം. ഇതിനായി 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് ഭേദഗതി ചെയ്യും.

പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി സോഷ്യല്‍ മീഡിയ കമ്പനികളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ഡീപ്‌ഫേക്കുകളില്‍ ശക്തമായ നിയമങ്ങള്‍ ആവശ്യമാണെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിന്റെ എഐ നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിലവില്‍ ഇന്ത്യയില്‍ നിയന്ത്രണങ്ങളില്ല. എന്നാല്‍, ഗോവ, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് കൗമാരക്കാരെ വിലക്കിയ ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയും ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. അടുത്തിടെയാണ് 16 വയസിന് താഴെയുള്ളവര്‍ക്ക് ഓസ്ട്രേലിയ സമ്പൂര്‍ണ സോഷ്യല്‍ മീഡിയാ നിരോധനം ഏര്‍പ്പെടുത്തിയത്.

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കഴിഞ്ഞ മാസമാണ് കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിച്ചു കൊണ്ട് ഫ്രാന്‍സ് ബില്ല് പാസാക്കിയത്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടനും സ്പെയിനും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.