മാനന്തവാടി: കേരളത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തെയും കുടുംബ ഭദ്രതയെയും പണയം വെച്ച് മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കെസിവൈഎം മാനന്തവാടി രൂപ. വരുമാനം മാത്രം ലക്ഷ്യമിട്ട് ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന ഇത്തരം നടപടികൾ സാംസ്‌കാരിക കേരളത്തിന് വലിയ തിരിച്ചടിയാണെന്ന് രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ കുറ്റപ്പെടുത്തി.
വിനോദസഞ്ചാര വികസനത്തിന്റെ പേരുപറഞ്ഞാണ് സർക്കാർ മദ്യശാലകൾ കൂടുതൽ സമയം തുറന്നിടാൻ ഒരുങ്ങുന്നത്. എന്നാൽ വിനോദ സഞ്ചാരിയായാലും സാധാരണക്കാരനായാലും മദ്യം നശിപ്പിക്കുന്നത് ഒരു മനുഷ്യജീവിതത്തെയും ഒരു കുടുംബത്തെയുമാണ്. കേവലമായ സാമ്പത്തിക ലാഭത്തേക്കാൾ വില കൽപ്പിക്കേണ്ടത് മനുഷ്യ ജീവനാണെന്ന് സർക്കാർ തിരിച്ചറിയണം. ടൂറിസത്തിന്റെ മറവിൽ മദ്യലോബികളെ സഹായിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.
ലഹരി വിമുക്ത കേരളത്തിനായി കോടികൾ ചെലവാക്കി ബോധവൽക്കരണം നടത്തുന്ന സർക്കാർ തന്നെ മദ്യ ലഭ്യത സുഗമമാക്കുന്നത് അങ്ങേയറ്റത്തെ ഇരട്ടത്താപ്പാണ്. യുവ തലമുറയെ ലഹരിയിൽ തളച്ചിട്ട് രാഷ്ട്രീയ ലാഭം കൊയ്യാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് മദ്യലോബികളിൽ നിന്ന് ആനുകൂല്യം പറ്റാനാണോ ഈ ജനദ്രോഹ നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രാത്രി വൈകിയും ബാറുകൾ തുറന്നിടുന്നത് കുടുംബങ്ങളിലെ സമാധാനം തകർക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കാനും ഇടയാക്കും. കൂടാതെ രാത്രികാല റോഡപകടങ്ങൾ വർദ്ധിക്കാനും ലഹരി മാഫിയകൾക്ക് അഴിഞ്ഞാടാനും ഈ തീരുമാനം വഴിയൊരുക്കും. യുവജനങ്ങളുടെ ഉന്നമനത്തിനായി തൊഴിൽ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം സമൂഹത്തെ ലഹരിയിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കെ. കുര്യൻ, ട്രഷറർ നവീൻ ജോസ്, കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. റോസ് ടോം തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.