കണ്ണൂരില്‍ കെ.എസ്.യു പ്രതിഷേധം: മന്ത്രി വീണാ ജോര്‍ജിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂരില്‍ കെ.എസ്.യു പ്രതിഷേധം:  മന്ത്രി  വീണാ ജോര്‍ജിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധ സമരത്തില്‍ മന്ത്രിക്ക് പരിക്കേറ്റു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം. കഴുത്തിനും കൈയ്ക്കും പരിക്കേറ്റുവെന്നാണ് വിവരം.

വന്ദേഭാരത് ട്രെയിനില്‍ പോകുന്നതിനായാണ് മന്ത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ മന്ത്രി പെട്ടുപോവുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.

ഇതിനു ശേഷമാണ് കഴുത്തിനും കൈക്കും മര്‍ദനമേറ്റതായും സാരമായി വേദനയുണ്ടെന്നും മന്ത്രി പറഞ്ഞത്. തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ മേഖലയില്‍ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ കണ്ണൂരില്‍ വീണാ ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്.

കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായാണ് മന്ത്രിയെത്തിയത്. ആദ്യം കല്യാടുള്ള ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി.

പിന്നീട് കണ്ണൂര്‍ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധിച്ചു. ഇതെല്ലാം കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രതിഷേധമുണ്ടായത്. മന്ത്രി വാഹനത്തില്‍ നിന്നിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് കയറിയ സമയത്താണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകരെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.