തിരുവനന്തപുരം: നടന്‍ മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും ഓര്‍മിച്ചെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിലെ ഒരു നാട്ടിന്‍പുറത്താണ് ജനിച്ച് വളര്‍ന്നത്. തന്റെ അമ്മ പ്രസവിച്ച പതിനാലാമത്തെ കുട്ടിയാണ് താന്‍. പതിനാല് മക്കള്‍ ജനിച്ചെങ്കിലും തനിക്ക് മുന്‍പ് ജനിച്ചവരില്‍ 11 പേരും ചെറിയ പ്രായത്തില്‍ തന്നെ മരണപ്പെടുകയായിരുന്നു. തനിക്കും രണ്ട് മൂത്ത സഹോദരങ്ങള്‍ക്കും മാത്രമാണ് ജീവിതത്തിലേക്ക് കടന്നു വരാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമ്മയുമായുള്ള ആത്മ ബന്ധത്തെപ്പറ്റിയും അദേഹം വിവരിച്ചു. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നു. അമ്മയുടെ മരണ വാര്‍ത്ത പോലും പുറത്തുള്ളവരെ അറിയിക്കാന്‍ കഴിയാത്ത വിധം താന്‍ തളര്‍ന്നു പോയി.
അന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളിലായിരുന്നു. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോള്‍ സംസാരത്തില്‍ എന്തോ മാറ്റം തോന്നി.
ഉടന്‍ തന്നെ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ചടയന്‍ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോള്‍ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേല്‍പ്പിച്ച് തന്റെ ദേഹത്തേക്ക് ചേര്‍ത്തിരുത്തി അല്‍പം വെള്ളം നല്‍കി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ മരണപ്പെട്ടു.
'അമ്മ ഏത് നിമിഷവും പോകുമെന്ന് എനിക്കറിയാമായിരുന്നു. ആ സമയത്ത് ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ മരണ വിവരം ആരോടെങ്കിലും പറയണം. വീടിന് പുറത്തിറങ്ങി.
നാട്ടുകാരനായ നാണുവെന്ന ഒരാള്‍ മുന്നില്‍ വന്നു. പക്ഷേ ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. പറയാന്‍ പറ്റുന്നില്ല. അദേഹത്തിന് കാര്യം മനസിലായി... അത് അതങ്ങനെയൊരു ബന്ധമായിരുന്നു' - പിണറായി ഓര്‍മിച്ചു.
കുട്ടിക്കാലത്തെ തന്റെ പഠനത്തില്‍ ജ്യോതിഷിയുടെ ഇടപെടലുണ്ടായതിനെപ്പറ്റിയും പിണറായി വിജയന്‍ പറഞ്ഞു. തന്റെ ജാതകം നോക്കിയിട്ട് എവിടെ തോല്‍ക്കുന്നോ അവിടെ വരെ പഠിപ്പിക്കാം എന്നാണ് ജ്യോതിഷി അമ്മയോട് പറഞ്ഞത്. അങ്ങനെയാണ് പഠനം തുടരുന്ന സാഹചര്യമുണ്ടായത്.
ചെറുപ്പകാലത്ത് കായിക വിനോദങ്ങളിലേര്‍പ്പെട്ടിരുന്നു. അന്ന് ഏറെ ഇഷ്ടം ഫുട്ബോളിനോടായിരുന്നു. പിന്നീട് ഇഷ്ടം മറ്റ് കുട്ടികളേപ്പോലെ ക്രിക്കറ്റിലേക്ക് മാറി. തന്റെ കൂടെ കളിച്ചു നടന്നവരില്‍ ചിലര്‍ സംസ്ഥാന തലത്തില്‍ വരെ എത്തിയിരുന്നു. തന്റെ പഴയകാല സുഹൃത്തുക്കള്‍ ഇപ്പോഴും സുഹൃത്തുക്കളായി നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയും കാലത്തിനിടയ്ക്ക് തന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു. എന്താണോ ഉള്ളത് അതുകൊണ്ട് ജീവിക്കാന്‍ പഠിച്ച ആളാണ് താന്‍. സാഹചര്യങ്ങളില്‍ സംതൃപ്തനാണ്. ഇതെല്ലാം ചെറുപ്പത്തിന്റെ സ്വാധീനമാണ്.
അമ്മ തനിക്ക് തച്ചോളി പാട്ടുകള്‍ പാടിത്തരുമായിരുന്നു. പിന്നീട് രാമായണവും മറ്റും വായിച്ച് അമ്മയെ കേള്‍പ്പിക്കുമായിരുന്നു. വായനകളിലൂടെ തന്നിലേക്കെത്തിയ ആശയങ്ങള്‍ തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ഒരു സന്യാസ ജീവിതത്തിന്റെ ചില ആശയങ്ങള്‍ ചിലപ്പോള്‍ മനസില്‍ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടാണ് മറ്റ് മോഹങ്ങള്‍ ഉണ്ടാകാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടിക്കാലത്ത് കഥാപ്രസംഗം അവതരിപ്പിച്ചിരുന്നതും ജാലവിദ്യ കാണിച്ചതുമൊക്കെ അദേഹം വിശദീകരിച്ചു. പക്ഷേ എന്തെങ്കിലും എഴുതണമെന്ന ആഗ്രഹം ഇതുവരെ തോന്നിയിട്ടില്ല. തന്നെ ഏറ്റവും സ്വാധീനിച്ച കൃതികള്‍ അന്നാ കരീനയും വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍, തകഴിയുടെ കയര്‍ തുടങ്ങിയവയായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി.
കടുപ്പക്കാരനാണെന്ന ഇമേജ് ബ്രാന്‍ഡ് ചെയ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തനാണ് എന്ന് തോന്നിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കാറുണ്ട്. ക്ഷോഭിച്ച തരത്തിലുള്ള ചിത്രങ്ങള്‍ മാത്രമേ ഇവര്‍ പ്രചരിപ്പിക്കാറുള്ളു. എന്നാല്‍ ഇതൊന്നും തന്നെ സ്വാധീനിക്കാറില്ല.
ഇന്നുവരെ അക്കാര്യത്തില്‍ ആരെയും വിളിച്ച് തിരുത്താനോ സ്വാധീനിക്കാനോ താന്‍ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കാലത്തെ കുട്ടികള്‍ ആധുനിക ലോകത്തെ ചതിക്കുഴികളെപ്പറ്റി ബോധവാന്മാരായിരിക്കണം എന്നാണ് തനിക്ക് ഉപദേശിക്കാനുള്ളത്. രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടാതെ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.