തോളിലൊരു വാഷ് ബേസിൻ, നെഞ്ചിലൊരു നാടിന്റെ ദാഹം; വിസ്മയമായി ബിഷപ്പിന്റെ മലകയറ്റം

തോളിലൊരു വാഷ് ബേസിൻ, നെഞ്ചിലൊരു നാടിന്റെ ദാഹം; വിസ്മയമായി ബിഷപ്പിന്റെ മലകയറ്റം

ഒബാൻ : തോളിൽ ഭാരമേറിയൊരു വാഷ് ബേസിനും പേറി കൊടും തണുപ്പിനെയും കാറ്റിനെയും അവഗണിച്ച് കുന്നിൻ ചെരിവ് കയറുന്ന ബിഷപ്പ് ബ്രയാൻ മക്ഗീയെ കണ്ടപ്പോൾ ഒബാൻ നിവാസികൾ ആദ്യം അത്ഭുതപ്പെട്ടു. എന്നാൽ ആ മലകയറ്റം വെറുമൊരു പ്രകടനമായിരുന്നില്ല, മറിച്ച് സമുദ്രങ്ങൾക്കപ്പുറം എത്യോപ്യയിലെ വരണ്ട മണ്ണിൽ ശുദ്ധജലത്തിനായി കേഴുന്ന ഒരു ജനതയുടെ വേദന ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള പ്രായശ്ചിത്തമായിരുന്നു.

സ്‌കോട്ടിഷ് കാത്തലിക് ഇന്റർനാഷണൽ എയ്ഡ് ഫണ്ടിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ്പ് മക്ഗീ എത്യോപ്യയിലെ ടൈഗ്രേ മേഖലയിലെ ജനങ്ങളുടെ ദുരിതം നേരിൽ കണ്ടാണ് ഇത്തരമൊരു പ്രാശ്ചിത്തം ചെയ്തത്. "ഈ വാഷ് ബേസിന്റെ ഭാരവും ശക്തമായ കാറ്റും എന്നെ തളർത്തി. പക്ഷേ ഞാൻ ഇത് ഒരു തവണ മാത്രമേ ചുമന്നുള്ളൂ. എന്നാൽ ഒരു കുടം വെള്ളത്തിനായി അവിടുത്തെ മനുഷ്യർ കിലോമീറ്ററുകളോളം ദിവസവും ഇതിലും വലിയ ഭാരം പേറുന്നുണ്ട്," - ബിഷപ്പ് മക്ഗീ പറഞ്ഞു.

എത്യോപ്യയിലെ ഹിരിത് എന്ന കൊച്ചുപെൺകുട്ടിയുടെ വാക്കുകൾ ബിഷപ്പിന്റെ ഉദ്യമത്തിന് വലിയ അർത്ഥങ്ങൾ നൽകുന്നു. പണ്ട് വെള്ളം തേടി നടന്നിരുന്ന സമയം കൊണ്ട് ഇപ്പോൾ അവൾക്ക് പഠിക്കാൻ സാധിക്കുന്നു. സ്‌കോട്ടിഷ് കാത്തലിക് ഇന്റർനാഷണൽ എയ്ഡ് ഫണ്ട് സ്ഥാപിച്ച വാട്ടർ ടാപ്പുകൾ ആ ഗ്രാമത്തിന്റെ തന്നെ മുഖഛായ മാറ്റി. അഴുക്കുപുരണ്ട വസ്ത്രങ്ങളുമായി സ്കൂളിൽ പോയിരുന്ന കുട്ടികൾക്കിന്ന് വൃത്തിയുള്ള വസ്ത്രങ്ങളും മികച്ച ശുചിത്വവുമുണ്ട്. വെള്ളം തേടിപ്പോയ ഹിരിത്തിന്റെ സഹോദരന് സൈനികരുടെ ആക്രമണമേറ്റ ദാരുണമായ ഓർമ്മകൾ ആ നാടിന്റെ ഭീതിദമായ അവസ്ഥയെ വിളിച്ചോതുന്നു.

ഈ നോമ്പു കാലത്ത് വിശ്വാസികളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഈ വേറിട്ട പദയാത്ര. നോമ്പുകാലത്തെ ത്യാഗപ്രവൃത്തികളുടെ ഭാഗമായി മാറ്റിവയ്ക്കുന്ന തുകകൾ ശേഖരിക്കുന്ന 'വീ ബോക്സ്' ഫണ്ടിലേക്ക് കൂടുതൽ സംഭാവനകൾ എത്തിക്കുകയാണ് ലക്ഷ്യം. ഒരു ടാപ്പോ കിണറോ ഒരു ജനതയുടെ വിധി തന്നെ മാറ്റിയെഴുതുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ സ്കോട്ടിഷ് ബിഷപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.