ബ്രസല്‍സ്: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധതയെ പ്രതിരോധിക്കണമെന്ന ആവശ്യം ശക്തമാക്കി യൂറോപ്യന്‍ യൂണിയന്‍. ഇതിനായി പ്രത്യേക കോര്‍ഡിനേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അടുത്തയിടെ പാസാക്കിയ പ്രമേയത്തെ യൂറോപ്യന്‍ യൂണിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ സ്വാഗതം ചെയ്തു.
ഫെബ്രുവരി 16 നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെയും (ക്രിസ്റ്റ്യാനോഫോബിയ) ന്യൂനപക്ഷ വിരുദ്ധതയെയും ചെറുക്കുന്നതിന് കോര്‍ഡിനേറ്ററെ ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 2024 മുതല്‍ ഇത്തരം നിയമനത്തിന് യൂറോപ്യന്‍ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടിരിന്നുവെന്ന് ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ വ്യക്തമാക്കി.
2025 ഒക്ടോബറില്‍ യൂറോപ്യന്‍ യൂണിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സില്‍ അതിഥി പ്രഭാഷകനായി എത്തിയ ആഭ്യന്തര കാര്യങ്ങളുടെയും കുടിയേറ്റത്തിന്റെയും ഉത്തരവാദിത്തമുള്ള യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറായ മാഗ്‌നസ് ബ്രണ്ണറിനോട് ബിഷപ്പുമാര്‍ ഇക്കാര്യം നേരിട്ടു ആവശ്യപ്പെട്ടിരിന്നു.
പിറ്റേ മാസം യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ കമ്മീഷനും സംഘടിപ്പിച്ച മതനേതാക്കള്‍ തമ്മിലുള്ള വാര്‍ഷിക ഉന്നതതല യോഗത്തില്‍, യൂറോപ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് കമ്മീഷന്‍ വൈസ് പ്രസിഡന്റ് സെസ്ലാവ് കോസോണ്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. അതേസമയം മറ്റ് മത ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുവാനും പ്രമേയം ലക്ഷ്യമിടുന്നുണ്ട്.
അസഹിഷ്ണുത, വിവേചനം, വിദ്വേഷം എന്നിവയില്‍ നിന്ന് യൂറോപ്പിലെ ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കുന്നതിന് ധീരമായ നടപടികള്‍ സ്വീകരിക്കാന്‍ ഇടപെടണമെന്നും ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തിനെതിരെ പോരാടുന്നതിന് കോര്‍ഡിനേറ്ററെ നിയമിക്കണമെന്നും യൂറോപ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് കമ്മീഷന്‍ ഉപദേഷ്ടാവ് അലസ്സാന്‍ഡ്രോ കാല്‍കാഗ്‌നോയും ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെയെല്ലാം ഫലമായാണ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെ ചെറുക്കുന്നതിന് കോര്‍ഡിനേറ്ററെ നിയമിക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.