മെൽബൺ : പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും തിരിച്ചു വിളിച്ച് ഓസ്‌ട്രേലിയ. സായുധ പോരാട്ടവും ഭീകരവാദ ഭീഷണിയും കണക്കിലെടുത്ത് ഇസ്രയേൽ, ലബനൻ, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം മടങ്ങാനാണ് വിദേശകാര്യ മന്ത്രാലയം നിർദേശം
നൽകിയിരിക്കുന്നത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ രാജ്യങ്ങളിൽ തങ്ങുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി ഉടനടി രാജ്യം വിടണമെന്നാണ് സ്മാർട്ട് ട്രാവലർ വെബ്‌സൈറ്റ് വഴി നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ഏത് സമയത്തും വിമാനത്താവളങ്ങൾ അടച്ചേക്കാമെന്നും സർവീസുകൾ റദ്ദാക്കപ്പെട്ടേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഗാസ, ലബനൻ അതിർത്തി പ്രദേശങ്ങളിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഓസ്‌ട്രേലിയൻ പൗരന്മാർ ഒഴിവാക്കണം. ടെൽ അവീവ്, ബെയ്റൂട്ട്, അമ്മാൻ, അബുദാബി എന്നിവിടങ്ങളിലെ ഓസ്‌ട്രേലിയൻ എംബസികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ മാറ്റുന്നത്.
സംഘർഷം പടരുന്ന സാഹചര്യത്തിൽ മറ്റു പാശ്ചാത്യ രാജ്യങ്ങളും സമാനമായ നീക്കങ്ങളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.