പെർത്തിൽ പോളിൻ ഹാൻസണെതിരെ വൻ വിദ്യാർത്ഥി പ്രതിഷേധം; "ഞങ്ങൾ വിഡ്ഢികളായ കുട്ടികളല്ലെന്ന്" വിദ്യാർത്ഥികൾ

പെർത്തിൽ പോളിൻ ഹാൻസണെതിരെ വൻ വിദ്യാർത്ഥി പ്രതിഷേധം;

പെർത്ത്: വംശീയ നയങ്ങൾ ഉയർത്തുന്ന വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസണെതിരെ പെർത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. പെർത്ത് സിറ്റിയിലെ ഫോറസ്റ്റ് ചേസിൽ നടന്ന 'സ്റ്റുഡൻസ് സേ നോ ടു ഹാൻസൺ' എന്ന ദേശീയ പ്രതിഷേധ സമരത്തിൽ ഹൈസ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് വലിയതോതിൽ അണിനിരന്നത്.

രാഷ്ട്രീയ പാർട്ടികളുടെ തെറ്റായ നയങ്ങൾക്കെതിരെയും സ്കൂളുകളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെയും ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെയും പ്രതിഷേധിച്ച വിദ്യാർത്ഥികൾ, തങ്ങളുടെ ഭാവിയെ കരുതിയാണ് തെരുവിൽ ഇറങ്ങിയതെന്ന് വ്യക്തമാക്കി. തങ്ങളെ മാറ്റിനിർത്തി രാഷ്ട്രീയ നേതാക്കൾ നടത്തുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദ്യാർത്ഥികൾ ഒരിക്കലും വിഡ്ഢികളല്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിനി സാഡി വ്യക്തമാക്കി. നൂറിലധികം ഹൈസ്കൂളുകളിൽ നിന്നുള്ള കുട്ടികൾ സമരത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

എന്നാൽ വിദ്യാർത്ഥി സമരത്തിനെതിരെ വിമർശനവുമായി പോളിൻ ഹാൻസണും വൺ നേഷൻ നേതാക്കളും രംഗത്തെത്തി. കുട്ടികളെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കുന്നതിന് പകരം എന്ത് ചിന്തിക്കണമെന്ന് പഠിപ്പിക്കുകയാണ് സ്കൂളുകൾ ചെയ്യുന്നതെന്നും അധ്യാപകരാണ് കുട്ടികളെ ഇതിനായി ഉപയോഗിക്കുന്നതെന്നും വൺ നേഷൻ നേതാവ് ബാർനബി ജോയ്സ് ആരോപിച്ചു.

കുട്ടികൾ ക്ലാസുകൾ ഒഴിവാക്കി ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നതിന് പകരം വാരാന്ത്യങ്ങളിൽ പ്രതിഷേധങ്ങൾ വെച്ചുകൊള്ളണമെന്നും ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ പ്രതികരിച്ചു. കുട്ടികളുടെ രാഷ്ട്രീയ അവകാശങ്ങളെ മാനിക്കുമ്പോൾ തന്നെ അവരുടെ പഠനം നഷ്ടപ്പെടരുതെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പും സ്കൂൾ അധികൃതരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.