റോം രൂപതയ്ക്ക് നാല് സഹായ മെത്രാന്‍മാര്‍; നിയമനം അംഗീകരിച്ച് ലിയോ മാര്‍പാപ്പ

റോം രൂപതയ്ക്ക് നാല് സഹായ മെത്രാന്‍മാര്‍;  നിയമനം അംഗീകരിച്ച് ലിയോ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റോം രൂപതയില്‍ നാല് പുതിയ സഹായ മെത്രാന്‍മാരെ നിയമിച്ച് രൂപതാധ്യക്ഷന്‍ കൂടിയായ ലിയോ പതിനാലാമന്‍ മാര്‍പാപ്പ. റോമില്‍ ഇടവക വൈദികരായി സേവനം ചെയ്ത ഫാ. സ്റ്റെഫാനോ സ്പരപാനി, ഫാ. അലസാന്‍ഡ്രോ സെനോബി, ഫാ. ആന്‍ഡ്രിയ കാര്‍ലെവാലെ, ഫാ. മാര്‍ക്കോ വാലന്റി എന്നിവരെയാണ് സഹായ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

1956 ജൂലൈ 24 ന് റോമിലാണ് ഫാ. സ്റ്റെഫാനോ സ്പരപാനി ജനിച്ചത്. റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രം പഠിച്ച അദേഹം പിന്നീട് ധാര്‍മിക ദൈവ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1991 ഒക്ടോബര്‍ നാലിന് റോം രൂപതയിലെ വൈദികനായി അഭിഷിക്തനായി. കോര്‍വിയേലില്‍ സഹ വികാരി, 1995 മുതല്‍ വികാരി എന്നീ നിലകളില്‍ സേവനം ചെയ്തു വരുന്നു.

1969 നവംബര്‍ 10 ന് അലസാന്‍ഡ്രോ സെനോബി റോമില്‍ ജനിച്ചു. പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയില്‍ പഠിച്ച അദേഹം 1996 ഏപ്രില്‍ 28ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. സാന്‍ പോളികാര്‍പോയിലെ സഹവികാരി (1996-2008), വികാരി (2008-2017) എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2017 മുതല്‍ സാന്താ ലൂസിയയിലെ ഇടവക വികാരിയായും 2025 മുതല്‍ നഗരത്തിന്റെ വെസ്റ്റ് സെക്ടറിലെ എപ്പിസ്‌കോപ്പല്‍ വികാരിയായി സേവനം ചെയ്തു വരികയാണ്.

1971 ഏപ്രില്‍ എട്ടിന് റോമിലാണ് ഫാ. ആന്‍ഡ്രിയ കാര്‍ലെവാലെ ജനിച്ചത്. പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയില്‍ ചേര്‍ന്ന അദേഹം 1998 മെയ് മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. സാന്താ ഗല്ല അല്ല ഗാര്‍ബറ്റെല്ലയിലെയും (1998-2003) സാന്റ്'ഐറീനിയോ എ സെന്റോ സെല്ലെയിലെയും (2003-2009) സഹ വികാരിയായി സേവനം ചെയ്തു. 2025 മുതല്‍ അപ്പിയോ-ലാറ്റിനോ പ്രദേശത്തെ സാന്‍ ജിയോവന്നി ബാറ്റിസ്റ്റ ഡി റോസിയുടെ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ് അദേദ്ദഹം.

1961 ഫെബ്രുവരി 28ന് റോമിന് വടക്കുള്ള സബീനയിലെ കാന്റലൂപ്പോയിലാണ് ഫാ. മാര്‍ക്കോ വാലന്റി ജനിച്ചത്. റോമില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിക്കുന്നതിന് മുന്‍പ് അദേഹം പൊന്തിഫിക്കല്‍ റോമന്‍ മൈനറിലും മേജര്‍ സെമിനാരികളിലും പഠിച്ചു.

തുടര്‍ന്ന് റോമിലെ പൊതു ഗവേഷണ സര്‍വകലാശാലയായ ലാ സപിയന്‍സയിലെ ഫാക്കല്‍റ്റി ഓഫ് ലെറ്റേഴ്സില്‍ നിന്ന് കലാ ചരിത്രത്തില്‍ ബിരുദം നേടി. 1986 ഏപ്രില്‍ 26 ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. 2024 മുതല്‍ റോമിലെ കര്‍ത്താവിന്റെ രൂപാന്തരീകരണത്തിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ സേവനം ചെയ്തു വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.