"നിയമത്തിന്റെ ശക്തിക്ക് പകരം ശക്തിയുടെ നിയമം": ഇറാൻ ആക്രമണത്തിൽ ലോകത്തിന് വത്തിക്കാന്റെ മുന്നറിയിപ്പ്


വത്തിക്കാൻ സിറ്റി: തോക്കിൻമുനയിൽ നിയമങ്ങൾ എഴുതപ്പെടുന്ന ആധുനിക കാലത്ത് ലോകരാജ്യങ്ങളുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന പ്രതികരണവുമായി വത്തിക്കാൻ. യുഎസും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ ലോകത്തെ വെണ്ണീറാക്കുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ മുന്നറിയിപ്പ് നൽകി.

നിയമത്തിന്റെ ശക്തിക്ക് പകരം ശക്തിയുടെ നിയമം വാഴുന്ന അവസ്ഥയാണിന്നതെന്ന് കർദിനാൾ ആഞ്ഞടിച്ചു. "ചില ഭൂഖണ്ഡങ്ങളിൽ ജനിച്ചവർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ ജീവിക്കാൻ അവകാശമുണ്ടോ?" - രാജ്യങ്ങൾ സ്വന്തം താല്പര്യ പ്രകാരം യുദ്ധ നിയമങ്ങൾ മാറ്റിയെഴുതുന്നതിനെ കർദിനാൾ രൂക്ഷമായി വിമർശിച്ചു.

യുദ്ധത്തിൽ കൊല്ലപ്പെടുന്നവർക്കിടയിൽ ഫസ്റ്റ് ക്ലാസ് എന്നോ സെക്കൻഡ് ക്ലാസ് എന്നോ വേർതിരിവില്ല. ചിലരുടെ മരണം മാത്രം ചർച്ചയാവുകയും സാധാരണക്കാരുടെ മരണം യാദൃശ്ചികം എന്ന് പറഞ്ഞ് തള്ളുകയും ചെയ്യുന്നത് വലിയ നീതിനിഷേധമാണ്. സമാധാനം ഉറപ്പാക്കാൻ രൂപീകരിച്ച ഐക്യരാഷ്ട്ര സഭയുടെ നിയമാവലികൾ ഇന്ന് വെറും കടലാസുകൾ മാത്രമായി മാറിയിരിക്കുന്നു.

പ്രശസ്ത ദാർശനികൻ ഇമ്മാനുവൽ കാന്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് കർദിനാൾ ഇങ്ങനെ പറഞ്ഞു: "ലോകത്തിന്റെ ഒരറ്റത്തുണ്ടാകുന്ന നീതിനിഷേധം ഭൂമിയിലെ മുഴുവൻ മനുഷ്യരെയും ബാധിക്കും." സൈനിക ലാഭത്തിന് വേണ്ടിയാകരുത് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടേണ്ടതെന്നും അദേഹം ഓർമ്മിപ്പിച്ചു.

സമാധാനത്തിന്റെ വഴി ഉപേക്ഷിച്ച് രാജ്യങ്ങൾ യുദ്ധത്തിന്റെ പാത സ്വീകരിക്കുന്നത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണെന്ന വത്തിക്കാന്റെ ഈ നിലപാട് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.