ഐഫോണിനായി ക്വട്ടേഷന്‍: 67 കാരന്റെ കൊലപാതകം വീഡിയോ കോളില്‍ തത്സമയം കണ്ട് 13 കാരി; ആലപ്പുഴ കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘം

ഐഫോണിനായി ക്വട്ടേഷന്‍: 67 കാരന്റെ കൊലപാതകം വീഡിയോ കോളില്‍ തത്സമയം കണ്ട് 13 കാരി; ആലപ്പുഴ കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘം

ആലപ്പുഴ: കയ്യിലൊന്ന് തൊടാന്‍ കൊതിച്ച ഐഫോണിനും, കൂട്ടുകാര്‍ക്ക് പാഞ്ഞുനടക്കാന്‍ ഒരു ബൈക്കിനുമായി സ്വന്തം മുത്തശന്റെ പ്രായമുള്ള വയോധികനെ പൈശാചികമായി കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ആലപ്പുഴ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത്. കരുവാറ്റ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ ശിവന്‍കുട്ടി (67) കൊല്ലപ്പെട്ട സംഭവത്തില്‍ അവിശ്വസനീയമായ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. സ്വന്തം ബന്ധുവായ 13 വയസുകാരി നല്‍കിയ ക്വട്ടേഷനിലാണ് ഈ ദാരുണ കൊലപാതകം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കൊലപാതകം നടപ്പിലാക്കിയ കൊല്ലം സ്വദേശികളായ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെയും ക്വട്ടേഷന്‍ നല്‍കിയ പെണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവ ശുശ്രൂഷയ്ക്കായി മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഭാര്യ കൂട്ടിരിപ്പിനായി പോയ സമയത്താണ് ശിവന്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായത്. ഈ അവസരം മുതലാക്കിയ പ്രതികള്‍ ഞായറാഴ്ച രാത്രി ശൗചാലയത്തിന്റെ വെന്റിലേഷന്‍ വഴി വീടിനുള്ളില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് ശിവന്‍കുട്ടിയുടെ കൈകാലുകള്‍ കൂട്ടിക്കെട്ടി അതിക്രൂരമായി വധിക്കുകയാണുണ്ടായത്. ഈ സമയം വീട്ടില്‍ ഇല്ലാതിരുന്ന 13 കാരി, പ്രതികള്‍ വിളിച്ച വീഡിയോ കോളിലൂടെ കൊലപാതക ദൃശ്യങ്ങള്‍ തത്സമയം കണ്ടുകൊണ്ടിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പൊലീസ് വെളിപ്പെടുത്തി.

കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘം തെളിവ് നശിപ്പിക്കുന്നതിനായി വീടുമുഴുവന്‍ മുളകുപൊടി വിതറുകയും ചെയ്തു. മോഷ്ടിച്ച സ്വര്‍ണം വിറ്റ് പെണ്‍കുട്ടിക്ക് പുതിയ ഐഫോണും, കൊലപാതകം നടത്തിയ യുവാക്കള്‍ക്ക് ബൈക്കും വാങ്ങാനായിരുന്നു ഇവരുടെ പദ്ധതി. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.