ആദ്യം ബഹിരാകാശത്തേക്ക്... പിന്നീട് പതിന്മടങ്ങ് ശക്തിയോടെ ലക്ഷ്യ സ്ഥാനത്തേക്ക്; ഇസ്രയേലിന്റെ 'നീലക്കുരുവി' പാടില്ല, പൊട്ടിത്തെറിക്കും

ആദ്യം ബഹിരാകാശത്തേക്ക്... പിന്നീട് പതിന്മടങ്ങ് ശക്തിയോടെ ലക്ഷ്യ സ്ഥാനത്തേക്ക്; ഇസ്രയേലിന്റെ 'നീലക്കുരുവി' പാടില്ല, പൊട്ടിത്തെറിക്കും

കേള്‍ക്കുമ്പോള്‍ ഓമനത്തം തുളുമ്പുന്ന പേരാണ് നീലക്കുരുവി.... കുരുവിയുടെ ഇമ്പമാര്‍ന്ന ശബ്ദം മനുഷ്യ ഹൃദയങ്ങളെ തരളിതമാക്കും എന്നാണ് കവികള്‍ പറയുന്നത്. പക്ഷേ, ഇസ്രയേലിന്റെ 'നീലക്കുരുവി' (Blue Sparrow) എന്ന് കേട്ടാല്‍ ഹൃദയം തരളിതമാവുകയല്ല, ഹൃദയ സ്തംഭനം തന്നെ സംഭവിച്ചേക്കാം.

കഴിഞ്ഞ ഫെബ്രുവരി 28 ന് പുലര്‍ച്ചെ ഈ 'നീലക്കുരുവി' ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ പറന്നിറങ്ങി. ടെഹ്‌റാനിലെ ഈച്ചകള്‍ക്ക് പോലും പറക്കാന്‍ അനുമതിയില്ലാത്ത അതീവ സുരക്ഷാ മേഖലയിലുള്ള പാസ്ചര്‍ സ്ട്രീറ്റില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടമായിരുന്നു ലക്ഷ്യം.

ഇമ്പമാര്‍ന്ന ശബ്ദമായിരുന്നില്ല ആ 'നീലക്കുരുവി'യുടേത്. മറിച്ച് കര്‍ണപുടം തകര്‍ക്കുന്നതായിരുന്നു. ഞൊടിയിടയില്‍ ഖൊമേനിയും നാല്‍പതോളം പ്രമുഖ നേതാക്കളും ജീവനറ്റ് നിലത്തു വീണു. കൊല്ലപ്പെട്ടവരില്‍ ഖൊമേനിയെ കൂടാതെ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ, ഐ.ആര്‍.ജി.സി കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍, അഡ്മിറല്‍ അലി ഷംഖാനി, സയ്യിദ് മജീദ് മൂസാവി തുടങ്ങി പല പ്രമുഖരുമുണ്ടായിരുന്നു.

എന്താണ് ഇസ്രയേലിന്റെ ഈ 'നീലക്കുരുവി' (Blue Sparrow)?..

യുദ്ധ രംഗത്ത് ഇസ്രയേലിന്റെ വജ്രായുധമാണ് 1.9 ടണ്‍ ഭാരവും 6.5 മീറ്റര്‍ നീളവുമുള്ള ഈ മിസൈല്‍. യുദ്ധ വിമാനത്തില്‍ നിന്ന് വിക്ഷേപിച്ചാല്‍ നേരിട്ട് ലക്ഷ്യ സ്ഥാനത്തേക്കല്ല ഇവ പറക്കുന്നത്. നേരേ ബഹിരാകാശത്തേക്ക് കുതിക്കും. ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് കടന്ന് കൂടുതല്‍ ഊര്‍ജം സംഭരിച്ച് പിന്നീട് പതിന്മടങ്ങ് ശക്തിയോടെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചിറങ്ങും. പിന്നെ സര്‍വനാശം വിതയ്ക്കും.

അന്തരീക്ഷത്തിന് പുറത്തു പോയി തിരിച്ചു വരുന്നതിനാല്‍ റഡാറുകള്‍ക്ക് ഇതിനെ പെട്ടന്ന് കണ്ടെത്താനോ തകര്‍ക്കാനോ സാധ്യമല്ല എന്ന പ്രത്യേകതയുമുണ്ട്. എതാണ്ട് രണ്ടായിരം കിലോ മീറ്ററാണ് ഇവയുടെ ദൂര പരിധി. മുമ്പ് ശത്രു മിസൈലുകളെ നേരിടാനുള്ള പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഈ മിസൈലിനെ പിന്നീട്
ആക്രമണങ്ങള്‍ക്കായി പരിഷ്‌കരിച്ചെടുക്കുകയായിരുന്നു.

ഇറാന്‍ പരമാധികാരി ആയത്തുള്ള അലി ഖൊമേനിക്കെതിരായ ആക്രമണം പെട്ടെന്നുണ്ടായ ഒന്നല്ല. ഇസ്രയേലിന്റെ സിഗ്നല്‍ ഇന്റലിജന്‍സ് വിഭാഗമായ 'യൂണിറ്റ് 8200' കഴിഞ്ഞ 20 വര്‍ഷമായി ഖൊമേനിയെയും അദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചു വരികയായിരുന്നു.

ആക്രമണത്തിന് മുമ്പ് ഖൊമേനിയുടെ അംഗരക്ഷകരുടെ സമയക്രമം, ആശയ വിനിമയങ്ങള്‍, പാസ്ചര്‍ സ്ട്രീറ്റിലെ സിസിടിവി ക്യാമറകള്‍ എന്നിവയെല്ലാം ഇസ്രയേല്‍ ഹാക്കിങിലൂടെ നിരീക്ഷിച്ചിരുന്നു. ടെല്‍ അവീവിലെ കമാന്‍ഡ് സെന്ററുകളിലിരുന്ന് ഖൊമേനിയുടെ കോംപൗണ്ടിലെ ഓരോ നീക്കവും അവര്‍ തത്സമയം കണ്ടുകൊണ്ടിരുന്നു.


ആക്രമണം ഭയന്ന് ഖൊമേനി ആഴ്ചകള്‍ക്ക് മുന്‍പേ ഭൂമിക്കടിയിലെ ആഴമേറിയ ബങ്കറുകളിലേക്ക് മാറിയിരുന്നു എന്നാണ് ഇസ്രയേല്‍ ഇന്റലിജന്‍സ് പറയുന്നത്. ഈ ബങ്കറിലേക്ക് എത്താന്‍ തന്നെ അഞ്ച് മിനിറ്റോളം വേണം. എന്നാല്‍ രാത്രിയില്‍ മാത്രമേ ഇസ്രയേല്‍ ആക്രമിക്കൂ എന്ന് വിശ്വസിച്ചിരുന്നതിനാല്‍ ഖൊമേനി പകല്‍ സമയങ്ങളില്‍ ബങ്കറില്‍ നിന്ന് പുറത്തിറങ്ങാറുണ്ടെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ കണ്ടെത്തി.

ഖൊമേനി വധിക്കപ്പെട്ട ശനിയാഴ്ച രാവിലെ ഇറാനിലെ ഉന്നത സൈനിക, രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഒരു യോഗം അദേഹത്തിന്റെ ഓഫീസില്‍ നടക്കുമെന്ന വിവരം സി.ഐ.എ ഇസ്രയേലിന് കൈമാറി. ഇതോടെ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' എന്ന സംയുക്ത സൈനിക നടപടി തീരുമാനിക്കപ്പെട്ടു.

തുടര്‍ന്ന് ഇറാനെ തെറ്റിധരിപ്പിക്കാനായി ഇസ്രയേല്‍ പ്രതിരോധ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജൂത ആഘോഷമായ 'ഷബാത്ത്' ആഘോഷങ്ങള്‍ക്കായി വീടുകളിലേക്ക് മടങ്ങുന്ന ചിത്രങ്ങള്‍ അവര്‍ മനപൂര്‍വ്വം പുറത്തുവിട്ടു. ഇത് കണ്ട ഇറാന്‍, ഉടനെ ആക്രമണം ഉണ്ടാകില്ലെന്ന് വിശ്വസിച്ചു. എന്നാല്‍ വേഷം മാറി തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ ആക്രമണത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഫെബ്രുവരി 28 ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ഇസ്രയേലില്‍ നിന്ന് മിസൈലുകളുമായി എഫ് 35, എഫ് 15 യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. ഏകദേശം 30 ബ്ലൂ സ്പാരോ മിസൈലുകളാണ് വിക്ഷേപിച്ചത്. അവ ടെഹ്‌റാനെ പ്രകമ്പനം കൊള്ളിച്ചു. മണിക്കൂറുകള്‍ക്കകം ലോകം ആ വാര്‍ത്ത ശ്രവിച്ചു... 'ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.