ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ക്രൈസ്തവർ; ഐക്യരാഷ്ട്രസഭയിൽ കണക്കുകൾ നിരത്തി വത്തിക്കാൻ

ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ക്രൈസ്തവർ; ഐക്യരാഷ്ട്രസഭയിൽ കണക്കുകൾ നിരത്തി വത്തിക്കാൻ

ജനീവ: ലോകമെമ്പാടും മതത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് ക്രൈസ്തവ സമൂഹമാണെന്ന് വത്തിക്കാൻ. ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കോൺഫറൻസിലാണ് വത്തിക്കാൻ സ്ഥിര നിരീക്ഷകനായ ആർച്ച് ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് പലയിടങ്ങളിലും നടക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

2025 ൽ മാത്രം വിശ്വാസത്തിന്റെ പേരിൽ അയ്യായിരത്തോളം ക്രൈസ്തവർ കൊല്ലപ്പെട്ടു. അതായത് ശരാശരി ഓരോ ദിവസവും 13 പേർ വീതം ക്രൂരതയ്ക്ക് ഇരയാകുന്നു. ലോകത്തെ 40 കോടിയോളം ക്രൈസ്തവർ (ഏഴിൽ ഒരാൾ വീതം) ഇന്ന് നേരിട്ടോ അല്ലാതെയോ ഉള്ള അക്രമങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നുണ്ട്.

ഏഷ്യയിലും ആഫ്രിക്കയിലും മാത്രമല്ല ക്രൈസ്തവ ഭൂരിപക്ഷമുള്ള യൂറോപ്പിലും സ്ഥിതി വഷളാകുകയാണ്. 2024 ൽ മാത്രം യൂറോപ്പിൽ ക്രൈസ്തവർക്കെതിരെ 760 ലധികം വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ശാരീരിക ആക്രമണങ്ങൾക്ക് പുറമെ രാഷ്ട്രീയ, സാമൂഹിക, തൊഴിൽ മേഖലകളിൽ നിന്ന് ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ ബോധപൂർവ്വം ഒഴിവാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഭരണപരമായ നിയന്ത്രണങ്ങളിലൂടെ വിശ്വാസികളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നത് ജനാധിപത്യ സംവിധാനങ്ങൾക്ക് ഭീഷണിയാണെന്നും അദേഹം പറഞ്ഞു.

മതസ്വാതന്ത്ര്യം ഉറപ്പാക്കുക എന്നത് ഓരോ രാജ്യത്തിന്റെയും പ്രാഥമിക കടമയാണെന്നും വത്തിക്കാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയെ ഓർമ്മിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.