"മരണം അവസാനമല്ല, നിത്യതയിലേക്കുള്ള വാതിൽ"; പ്രത്യാശയുടെ ഉയിർപ്പ് സന്ദേശവുമായി മേജർ ആർച്ച് ബിഷപ്പ്


കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവർ മിശിഹായുടെ ഉയിർപ്പു തിരുനാൾ ആഘോഷിക്കുമ്പോൾ മാനവരാശിക്ക് പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശം നൽകി മേജർ ആർച്ച് ബിഷപ്പ്. മരണത്തിന്റെ അന്ധകാരത്തെ സ്നേഹം കൊണ്ട് കീഴടക്കിയ മിശിഹായുടെ ഉത്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.

യുദ്ധങ്ങളും അസഹിഷ്ണുതയും പീഡനങ്ങളും നിറഞ്ഞ ആധുനിക ലോകത്ത് ഉത്ഥിതനായ മിശിഹാ നൽകുന്ന സമാധാനം വലിയ കരുത്താണെന്ന് സന്ദേശത്തിൽ പറയുന്നു. "ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്. എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു" എന്ന വചനം ഓരോ വിശ്വാസിക്കും പ്രത്യാശ നൽകുന്നു. ഭിന്നതയുടെയും വെറുപ്പിന്റെയും മതിലുകൾ തകർത്ത് സമാധാനത്തിന്റെ വക്താക്കളാകാൻ അദേഹം ആഹ്വാനം ചെയ്തു.

മരണം അവസാനമല്ലെന്നും ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും ഉത്ഥാനം തെളിയിക്കുന്നു. ക്രിസ്തീയ പ്രത്യാശയിൽ നങ്കൂരമിട്ട് പ്രതിസന്ധികളെ ഭയപ്പെടാതെ മിശിഹായോടൊപ്പം പുതിയ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന് മേജർ ആർച്ച് ബിഷപ്പ് ആശംസിച്ചു.

സന്ദേശത്തിന്റെ പൂർണ്ണ രൂപം

ലോകമെങ്ങുമുള്ള ക്രൈസ്തവർ മിശിഹായുടെ തിരുവുത്ഥാനത്തിന്റെ സ്‌മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണ്.

വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ ഈ സത്യം അടിവരയിട്ടു പറയുന്നു: “മിശിഹാ ഉയിർപ്പിക്കപ്പെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കോറിന്തോസ് 15:14). മരണത്തിന്റെ അന്ധകാരത്തെ സ്നേഹത്തിന്റെ അഗ്നികൊണ്ട് തോൽപ്പിച്ച ഉത്ഥിതനായ മിശിഹാ തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് നമ്മുടെ ലോകത്തിനു പകർന്നുനൽകുന്നത്.

ബെനഡിക്ട് പതിനാറാമൻ പാപ്പ വിശേഷിപ്പിച്ചതുപോലെ, ‘മിശിഹായുടെ ഉത്ഥാനം ചരിത്രത്തിലെ ഒരു സാധാരണ സംഭവമല്ല, മറിച്ച് മാനവചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ്. അക്രമംകൊണ്ട് ലോകത്തെ മാറ്റാമെന്ന മിഥ്യാധാരണയുടെമേൽ സ്നേഹം നേടിയ വിജയമാണിത്’.

മിശിഹായുടെ ഉത്ഥാനം പഴയ ജീവിതത്തിലേക്കുള്ള മടക്കയാത്രയല്ല, മറിച്ച് മരണമില്ലാത്ത ഒരു പുതിയ അവസ്ഥയിലേക്കുള്ള പ്രവേശനമാണ്. ഉത്ഥാനംവഴി, മരണം അവസാനമല്ലെന്നും ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടു.

വിശുദ്ധ അഗസ്തിനോസ് പഠിപ്പിക്കുന്നു, ‘ദൈവം നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് വെറുമൊരു ഉത്ഥാനമല്ല, മറിച്ച് അവിടുത്തോടൊപ്പമുള്ള നിത്യമായ ഐക്യമാണ്. മരണം നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തുന്നില്ല, മറിച്ച് അവിടുത്തെ നിത്യമായ പ്രകാശത്തിലേക്ക് നയിക്കുന്ന വാതിലായി മാറുന്നു.’ ശൂന്യമായ കല്ലറ മിശിഹായുടെ അഭാവത്തെയല്ല, മറിച്ച് അവിടുന്ന് കാലാതീതനായി പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു എന്ന സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.

സ്ഥല- കാല പരിമിതികളിൽ നിന്നും സർവ്വവ്യാപിയായ ദൈവികതയിലേക്കുള്ള പരിവർത്തനമാണത്. ദുരിതമനുഭവിക്കുന്നവന്റെ വിലാപത്തിലും യുദ്ധമുഖങ്ങളിലെ നിസ്സഹായതയിലും വേട്ടയാടപ്പെടുന്നവരുടെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ നമുക്ക് ഉറപ്പുനൽകുന്നു.

നമ്മുടെ കാലഘട്ടം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും അവിടെനിന്നുയരുന്ന നിസ്സഹായരുടെ നിലവിളികളും ഹൃദയഭേദകമാണ്. ലോകമെമ്പാടും ക്രൈസ്തവർക്കു നേരെയുള്ള അസഹിഷ്ണുതയും പീഡനങ്ങളും വർധിച്ചുവരുന്നുണ്ട്.

“ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹ. 16:33) എന്ന മിശിഹായുടെ വചനം നമ്മെ ബലപ്പെടുത്തട്ടെ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഓർമ്മിപ്പിച്ചത് പോലെ; ‘മനുഷ്യരാശിയുടെ ഭാവി യുദ്ധങ്ങളിലോ അക്രമങ്ങളിലോ അല്ല, മറിച്ച് ജീവനിലും സമാധാനത്തിലുമാണ്. അനീതിയുടെയും മരണത്തിന്റെയും കല്ലറകൾക്കുമേൽ പ്രത്യാശയുടെ സൂര്യൻ ഉദിക്കുക തന്നെ ചെയ്യും’. ഉത്ഥിതനായ മിശിഹാ ശിഷ്യന്മാർക്ക് നൽകിയ ആദ്യ സമ്മാനം അവന്റെ സമാധാനമായിരുന്നു. ആ സമാധാനം ഹൃദയങ്ങളിൽ സ്വീകരിച്ചുകൊണ്ട് നമുക്ക് ചുറ്റും ഉയരുന്ന ഭിന്നതയുടെയും വെറുപ്പിന്റെയും മതിലുകൾ തകർക്കാൻ പരിശ്രമിക്കാം.

‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്നാണല്ലോ വിശുദ്ധ പൗലോസ് ശ്ലീഹ പഠിപ്പിക്കുന്നത് (റോമാ 5:5). ക്രിസ്തീയ പ്രത്യാശ എന്നത് കേവലം ഒരു ശുഭാപ്തിവിശ്വാസമോ ആഗ്രഹമോ അല്ല, മറിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങളിലും മിശിഹായുടെ ഉത്ഥാനത്തിലും അധിഷ്ഠിതമായ ഒരു ദൈവിക പുണ്യമാണ്.

ഉത്ഥിതനായ മിശിഹായിൽ നങ്കൂരമിട്ട പ്രത്യാശയുള്ളവർക്കു ലോകത്തിലെ ഒരു പ്രതിസന്ധിയെയും ഭയപ്പെടേണ്ടതില്ല. നമുക്കും മിശിഹായോടൊപ്പം പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേല്ക്കാം. കല്ലറ ഒഴിഞ്ഞുകിടക്കുന്നു; മിശിഹാ ഉയിർത്തെഴുന്നേറ്റു, അവിടന്ന് ഇന്നും നമ്മോടൊപ്പമുണ്ട്.

എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ ഹൃദയപൂർവം നേരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.