ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം; ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല

ഹോര്‍മുസ് കടലിടുക്കില്‍  കപ്പലുകള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം; ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം. മാള്‍ട്ട പതാക വഹിക്കുന്ന പ്രീമ, മാര്‍ഷല്‍ ഐലന്‍ഡ്‌സിന്റെ പതാക വഹിക്കുന്ന ലൂയ് പി എന്നീ കപ്പലുകളെയാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആക്രമിച്ചത്.

ഹോര്‍മുസ് കടക്കാന്‍ പാടില്ലെന്ന തങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇറാന്‍ പ്രതികരിച്ചു. ഇരു കപ്പലിലെയും ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

അതിനിടെ ശ്രീലങ്കയില്‍ അഭയംതേടിയ ഇറാന്‍ നാവികരെ തിരിച്ചയക്കാതിരിക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്ന ഇറാന്‍ നാവിക സേനയുടെ 'ഐറിസ് ദേന' എന്ന യുദ്ധക്കപ്പലില്‍ നിന്ന് രക്ഷപെട്ട 32 പേര്‍ നിലവില്‍ ശ്രീലങ്കയില്‍ ചികിത്സയിലാണ്.

തൊട്ടടുത്ത ദിവസം ഇറാന്‍ നാവിക സേനയുടെ സഹായ കപ്പലായ 'ഐറിസ് ബുഷെഹറി'ലെ 208 നാവികര്‍ക്കും ശ്രീലങ്ക അഭയം നല്‍കിയിരുന്നു. ഇരു കപ്പലിലെയും ജീവനക്കാരെ ഇറാനിലേക്ക് മടക്കി അയയ്ക്കരുതെന്ന് കൊളംബോയിലെ യു.എസ് അംബാസഡര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

ഐറിസ് ദേന ആക്രമണത്തില്‍ കൊല്ലപ്പെട്ട 87 നാവികരുടെ മൃതദേഹങ്ങള്‍ ഇറാന് വിട്ടു നല്‍കുമെന്ന് ശ്രീലങ്ക നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് എപ്പോള്‍ സാധ്യമാകും എന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.