കോണ്‍ഗ്രസിന്റെ 37 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും: നിലപാടില്‍ ഉറച്ച് കെ. സുധാകരന്‍

കോണ്‍ഗ്രസിന്റെ 37 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും: നിലപാടില്‍ ഉറച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്നലെ 55 മണ്ഡലങ്ങളിലെ ആദ്യ ഘട്ട പട്ടിക പുറത്ത് വിട്ടിരുന്നു. ബാക്കി സീറ്റുകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ സ്‌ക്രീനിങ് കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ഇന്ന് നിര്‍ണായക യോഗങ്ങള്‍ ചേരും.

ആദ്യ ഘട്ട പട്ടികയില്‍ നിലവിലെ എംപിമാര്‍ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടിനെതിരെ കെ. സുധാകരന്‍ എംപി രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ മത്സരിക്കണമെന്ന കടുത്ത നിലപാടില്‍ അദേഹം ഉറച്ച് നില്‍ക്കുകയാണ്. സുധാകരനെ അനുകൂലിച്ച് കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

നേതൃത്വവുമായി പിണങ്ങി തുടര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങിയ സുധാകരന്‍ ഇന്ന് വീണ്ടും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാതെയുള്ള സുധാകരന്റെ നിലപാട് തുടര്‍ന്നാല്‍ തീരുമാനം ഇനിയും വൈകിയേക്കും.

ആദ്യ പട്ടികയില്‍ സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേര് ഉള്‍പ്പെടാത്തതും ചര്‍ച്ചയായിട്ടുണ്ട്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എല്‍ദോസിന് പകരം മനോജ് മൂത്തേടന്‍, ഉല്ലാസ് തോമസ് എന്നിവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ലൈംഗികാരോപണ കേസുകള്‍ നിലനില്‍ക്കുന്നതാണ് എല്‍ദോസിന് തിരിച്ചടിയായതെന്നാണ് സൂചന.

കണ്ണൂര്‍, കോന്നി, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് എംപിമാരുടെ അവകാശ വാദങ്ങള്‍ കാരണമാണെന്നാണ് സൂചന. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ സമ്പൂര്‍ണ പട്ടിക പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.