"ഇതുപോലൊരു സാഹചര്യം മുൻപുണ്ടായിട്ടില്ല”; വിശുദ്ധ നാട് സമാനതകളില്ലാത്ത പ്രതിസന്ധിയിലെന്ന് ക്രൈസ്തവ നേതൃത്വം


​ജെറുസലേം: ഇസ്രയേൽ, ഇറാൻ, അമേരിക്ക എന്നിവ ഉൾപ്പെടുന്ന പുതിയ യുദ്ധസാഹചര്യങ്ങൾ വിശുദ്ധ നാടിനെ കടുത്ത ഭീതിയിലും അനിശ്ചിതാവസ്ഥയിലുമാക്കിയതായി ക്രൈസ്തവ സഭാ നേതൃത്വം. ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് വിശുദ്ധ നാട് കടന്നുപോകുന്നതെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് വികസന ഓഫീസ് ഡയറക്ടറും മുതിർന്ന സഭാ ഉദ്യോഗസ്ഥനുമായ ജോർജ് അക്രൂഷ് വെളിപ്പെടുത്തി.

മുൻകാലങ്ങളിൽ നിരവധി സംഘർഷങ്ങൾ കണ്ടിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ജെറുസലേമിലും പരിസര പ്രദേശങ്ങളിലും അനുദിന ജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. റോക്കറ്റ് ആക്രമണങ്ങളുടെയും മിസൈൽ അവശിഷ്ടങ്ങൾ പതിക്കുന്നതിന്റെയും നിരന്തര ഭീഷണിയാണ് ജനങ്ങൾ നേരിടുന്നത്. പഴയ നഗരത്തിലെ പ്രധാന മതകേന്ദ്രങ്ങൾക്ക് സമീപം പോലും മിസൈൽ അവശിഷ്ടങ്ങൾ വീണതായി അദേഹം ചൂണ്ടിക്കാട്ടി.

തെക്കൻ ഇസ്രയേലിൽ ക്രൈസ്തവരുടേത് ഉൾപ്പെടെ നിരവധി വീടുകൾക്ക് ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. വടക്കൻ അതിർത്തി പ്രദേശങ്ങളും അതിർത്തി കടന്നുള്ള റോക്കറ്റ് ആക്രമണങ്ങളുടെ കടുത്ത ഭീഷണിയിലാണ്.
​രൂക്ഷമായി മാനുഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും
യുദ്ധം രൂക്ഷമായത് വലിയ മാനുഷിക വെല്ലുവിളികൾക്കാണ് വഴിവെച്ചിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാൽ യാത്രാവിലക്കുകൾ കർശനമാക്കിയതോടെ ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പാലസ്തീൻ തൊഴിലാളികൾക്ക് ഒറ്റയടിക്ക് തൊഴിൽ നഷ്ടപ്പെട്ടു.

തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ മേഖലയിലെ ക്രിസ്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്.

ഗാസയിലേക്കുള്ള ജീവകാരുണ്യ സഹായ വിതരണം നിർത്തിവച്ചത് സ്ഥിതിഗതികൾ കൂടുതൽ ദയനീയമാക്കി. അവശ്യ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമില്ലാതെ ഗാസയിലെ ആശുപത്രികൾ കടുത്ത ദുരിതത്തിലാണ്.
​സുരക്ഷയും ഉപജീവനമാർഗവും നഷ്ടപ്പെട്ടതോടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയിലാണ് ജനങ്ങൾ. യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിലേക്കാകും കാര്യങ്ങൾ നീങ്ങുകയെന്ന മുന്നറിയിപ്പോടെയാണ് അദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.